വിമാനത്തില്‍ പക്ഷികള്‍ വന്നിടിച്ചാല്‍ എന്തുസംഭവിക്കും?

By Web DeskFirst Published Jan 18, 2018, 11:54 AM IST
Highlights

പക്ഷികള്‍ വന്നിടിച്ചാല്‍ വിമാനം തകരുമോ എന്ന സംശയം കുട്ടിക്കാലം മുതല്‍ നമ്മളില്‍ പലര്‍ക്കുമുണ്ടാകും. കാരണം അങ്ങനൊരു കേള്‍വി ബാല്യംമുതല്‍ നമ്മുക്കൊപ്പമുണ്ട് എന്നതു തന്നെ. ബേര്‍ഡ് സ്ട്രൈക്ക് എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. ബേര്‍ഡ് സ്ട്രൈക്ക് മൂലം വിമാനം തകരുമോ? എന്താണ് യാതാര്‍ത്ഥ്യം? ചിലപ്പോഴൊക്കെ പക്ഷികള്‍ വന്നിടിക്കുമ്പോള്‍ വിമാനങ്ങളുടെ പുറംചട്ടയ്ക്ക് ചളുക്കോ വിള്ളലോ സംഭവിക്കാമെന്നല്ലാതെ ഇക്കാരണത്താല്‍ മാത്രം വിമാനം തകരില്ലെന്നതാണ് സത്യം.

ഇത്തരം വിള്ളലുകള്‍ ക്യാബിനുള്ളിലെ വായുസമ്മര്‍ദ്ദത്തെ സ്വാധീനിക്കുമെന്നതിനാല്‍ ചില പ്രശ്നങ്ങള്‍ ഉടലെടുത്തേക്കും. ഈ സാധ്യതകള്‍ മുന്നില്‍ കണ്ട്,പക്ഷികള്‍ ഇടിച്ചത് ശ്രദ്ധയില്‍പ്പെട്ടാലുടന്‍  തൊട്ടടുത്തുള്ള വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുകയാണ് പതിവ്. തകരാര്‍ സംഭവിച്ചാലും ഇല്ലെങ്കിലും ലാന്‍ഡ് ചെയ്യുകയും തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റിവിടുകയും ചെയ്യും.

മാത്രമല്ല, 3.5 കിലോഗ്രാം ഭാരമുള്ള പക്ഷികള്‍ എഞ്ചിനില്‍ കുടുങ്ങിയാലും കാര്യമായ തകരാറില്ലാതെ പ്രവര്‍ത്തിക്കാന്‍ വിമാന എഞ്ചിനുകള്‍ക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം പക്ഷികള്‍ വന്നിടിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് എഞ്ചിനുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. ഒപ്പം ടര്‍ബൈനിന് നടുവിലെ വെള്ള വരകളും പക്ഷികളെ അകറ്റിനിര്‍ത്തുന്നു. വിമാനം പറക്കുമ്പോള്‍ ടര്‍ബൈനിനൊപ്പം അതിവേഗതയില്‍ കറങ്ങുന്ന ഈ വെള്ളവരകള്‍ എതിര്‍ ദിശയില്‍ നിന്നുമുള്ള പക്ഷികളെ ഭയപ്പെടുത്തും. ഈ സുരക്ഷാസഹായങ്ങളൊക്കെ മറികടന്നും എഞ്ചിന്‍ തകാരാറിലായാല്‍ ഭയക്കേണ്ട. കാരണം ഇന്ന് മിക്ക വിമാനങ്ങള്‍ക്കും ഇരട്ട എഞ്ചിനുകളാണ് കരുത്തുപകരുന്നത്. 1990നും 2015നും ഇടയില്‍  160,894 ബേര്‍ഡ് സ്ട്രൈക്ക് നടന്നിട്ടുണ്ടെന്നാണ് യുഎസ് എയര്‍ക്രാഫ്റ്റിന്‍റെ മാത്രം കണക്ക്.

എന്തായാലും ഒരുകാര്യം സത്യമാണ്. വിമാനം പറന്നിറങ്ങുമ്പോഴും പറന്നുയരുമ്പോഴും പക്ഷികള്‍ വന്നിടിക്കുന്നത് പതിവാണ്. ഓരോവര്‍ഷവും ഇങ്ങനെ ആയിരക്കണക്കിനു പക്ഷികള്‍ക്ക് ജീവഹാനി സംഭവിക്കുന്നുമുണ്ട്.

Courtesy:
slate dot com
businessinsider dot com

 

click me!