125 സിസി സ്‌കൂട്ടര്‍ മാത്രമുണ്ടാക്കാന്‍ യമഹ

By Web TeamFirst Published Dec 31, 2019, 9:12 PM IST
Highlights

ഇനി ഇന്ത്യയിലെ 125 സിസി സ്‌കൂട്ടര്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ. മാത്രമല്ല ഇന്ത്യയില്‍ നിലവിലെ എല്ലാ 110 സിസി സ്‌കൂട്ടര്‍ മോഡലുകളും നിര്‍ത്താനും യമഹ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇനി ഇന്ത്യയിലെ 125 സിസി സ്‌കൂട്ടര്‍ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ. മാത്രമല്ല ഇന്ത്യയില്‍ നിലവിലെ എല്ലാ 110 സിസി സ്‌കൂട്ടര്‍ മോഡലുകളും നിര്‍ത്താനും യമഹ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2025 ഓടെ ഇന്ത്യയില്‍ സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ വിപണി വിഹിതം ഇരട്ടിയാക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ലക്ഷ്യം. അതായത്, നിലവിലെ അഞ്ച് ശതമാനത്തില്‍നിന്ന് പത്ത് ശതമാനമായി വര്‍ധിപ്പിക്കും.

എന്‍ജിന്‍ കരുത്ത് കുറയുകയും വില വര്‍ധിക്കുകയും ചെയ്യുന്ന ബിഎസ് 6 പാലിക്കുന്ന 110 സിസി സ്‌കൂട്ടറുകള്‍ക്ക് യമഹ വലിയ വിപണി കാണുന്നില്ല. പുതിയ തീരുമാനത്തിന്‍റെ ഭാഗാമായാണ് ഫാസിനോ 125, റേ-ഇസഡ്ആര്‍ 125, റേ-ഇസഡ്ആര്‍ 125 സ്ട്രീറ്റ് റാലി സ്‌കൂട്ടറുകളെ അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്ന 2020 ഏപ്രില്‍ ഒന്നിനുശേഷം ഫാസിനോ 110, റേ-ഇസഡ്ആര്‍ 110 സീരീസ് സ്‌കൂട്ടറുകള്‍ നിര്‍ത്തും. അതുവരെ ഈ സ്‌കൂട്ടറുകള്‍ വില്‍ക്കും. വര്‍ഷങ്ങളായി ഇന്ത്യയിലെ 110 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റ് ഭരിക്കുന്നത് ഹോണ്ടയാണ്.

ഇന്ത്യയില്‍ യമഹയുടെ ആദ്യ 125 സിസി സ്‌കൂട്ടറാണ് ബിഎസ് 6 പാലിക്കുന്ന ഫാസിനോ 125.  യമഹയുടെ 'ബ്ലൂ കോര്‍' സാങ്കേതികവിദ്യയോടെ പുതിയ 125 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് യമഹ ഫാസിനോ 125 സ്‌കൂട്ടറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8 ബിഎച്ച്പി കരുത്തും 9.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇതേ എന്‍ജിന്‍ ആണ് യമഹ റേ-ഇസഡ്ആര്‍ 125, റേ-ഇസഡ്ആര്‍ 125 സ്ട്രീറ്റ് റാലി സ്‌കൂട്ടറുകളും ഉപയോഗിക്കുന്നത്. നിശബ്ദമായി എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്ന സംവിധാനത്തോടെയാണ് മൂന്ന് 125 സിസി സ്‌കൂട്ടറുകളും എത്തുന്നത്.

സ്‌റ്റോപ്പ്-സ്റ്റാര്‍ട്ട് സിസ്റ്റവും വാഹനത്തിലുണ്ട്. പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പിറകില്‍ 110 എംഎം വീതിയുള്ള ടയര്‍ എന്നിവ സ്ട്രീറ്റ് റാലി സ്‌കൂട്ടറിലെ അധിക ഫീച്ചറുകളാണ്. മുന്‍, പിന്‍ ക്രാഷ് ഗാര്‍ഡ് ഉള്‍പ്പെടെ നിരവധി ആക്‌സസറികളും സ്ട്രീറ്റ് റാലി വേരിയന്റിന് ലഭിക്കും.

click me!