
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ പുതിയ മോഡലുമായി ഏഥർ എനർജി എത്തുന്നു. കമ്പനിയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറായ ഏഥർ കൊണാർക്ക് 2026 ഓഗസ്റ്റ് 29ന് ഔദ്യോഗികമായി അവതരിപ്പിക്കും. കമ്പനിയുടെ വാർഷിക ഏഥർ കമ്മ്യൂണിറ്റി ഡേ പരിപാടിയിലാകും പുതിയ സ്‍കൂട്ടറിന്റെ അരങ്ങേറ്റം. ഏഥറിന്റെ നിർമാണ പ്ലാന്റിൽ കൊണാർക്കിന്റെ ഉൽപ്പാദനം ഇതിനോടകം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ പുതിയ ഇഎൽ പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന ആദ്യ ഉൽപ്പാദന മോഡലായിരിക്കും ഇത്. ബജറ്റ് പരിഗണിക്കുന്ന കുടുംബ ഉപഭോക്താക്കളെയാണ് പുതിയ ഇലക്ട്രിക് സ്‍കൂട്ടർ ലക്ഷ്യമിടുന്നത്.
ഏഥർ പുറത്തിറക്കിയ ടീസർ വീഡിയോയിൽ കൊണാർക്കിന്റെ രൂപകൽപന സംബന്ധിച്ച ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൂർണ വീതിയിലുള്ള എൽ.ഇ.ഡി. ഡേ ടൈം റണ്ണിങ് ലൈറ്റുകൾ, പ്രകാശിക്കുന്ന ഏഥർ ലോഗോ, ലംബമായി രൂപകൽപന ചെയ്ത മുൻ ഏപ്രൺ, ഹാൻഡിൽബാറിൽ ഘടിപ്പിച്ച ഹെഡ്‌ലാമ്പ് എന്നിവ ടീസറിൽ കാണാം. നീളം കൂടിയ ഫ്ലാറ്റ് സിംഗിൾ പീസ് സീറ്റ്, അലോയ് വീലുകൾ, മുൻവശത്തെ ഡിസ്‍ക് ബ്രേക്ക്, മെറ്റൽ ബോഡി പാനലുകൾ, സ്ലിം എൽ.ഇ.ഡി. ടെയിൽ ലാമ്പുകൾ എന്നിവയും പുതിയ സ്കൂട്ടറിന്റെ പ്രധാന ഡിസൈൻ സവിശേഷതകളായിരിക്കും.
2025ലെ ഏഥർ കമ്മ്യൂണിറ്റി ഡേയിൽ അവതരിപ്പിച്ച ഇഎൽ.01 ആശയ മോഡലിൽ നിന്നാണ് പുതിയ കൊണാർക്കിന്റെ ഡിസൈൻ പ്രചോദനം നേടിയതെന്നാണ് വിലയിരുത്തൽ. സാങ്കേതിക സവിശേഷതകളിൽ 7 ഇഞ്ച് ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് കൺസോൾ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, മുൻവശത്ത് 14 ഇഞ്ച് വീലുകളും പിന്നിൽ 12 ഇഞ്ച് അലോയ് വീലുകളും ഉൾപ്പെടാൻ സാധ്യതയുണ്ട്. പുതിയ സ്വിങ്ആം മൗണ്ടഡ് മോട്ടോറും സ്കൂട്ടറിൽ ലഭിച്ചേക്കും.
കഴിഞ്ഞ വർഷത്തെ കമ്മ്യൂണിറ്റി ഡേയിൽ ഏഥർ തങ്ങളുടെ പുതിയ ഇ.എൽ. ആർക്കിടെക്ചറിനെക്കുറിച്ചുള്ള ചില സാങ്കേതിക വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഈ പ്ലാറ്റ്‌ഫോമിൽ 2 കിലോവാട്ട് മുതൽ 5 കിലോവാട്ട് വരെ ശേഷിയുള്ള ബാറ്ററി പാക്കുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്. അതിനാൽ ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് വ്യത്യസ്‍ത ബാറ്ററി ഓപ്ഷനുകളുമായി കൊണാർക്ക് എത്താനുള്ള സാധ്യതയുണ്ട്.
വിപണിയിലെ സാധാരണ കുടുംബ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതിനാൽ ഏഥർ കൊണാർക്കിന് മത്സരാധിഷ്ഠിത വില നൽകാനാണ് കമ്പനിയുടെ നീക്കമെന്നാണ് സൂചന. പുതിയ ഇലക്ട്രിക് സ്കൂട്ടറിന് ഏകദേശം 1 ലക്ഷം രൂപ മുതൽ 1.25 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വില പ്രതീക്ഷിക്കുന്നു. പ്രാരംഭ ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കുന്നതിനായി ബാറ്ററി-ആസ്-എ-സർവീസ് (ബി.എ.എ.എസ്.) സബ്‌സ്‌ക്രിപ്ഷൻ മാതൃകയും ഏഥർ അവതരിപ്പിച്ചേക്കും.
ദീപാവലി കാലത്ത് വിപണിയിലെത്തും 2026ലെ ദീപാവലി സീസണോടനുബന്ധിച്ച് ഏഥർ കൊണാർക്കിന്റെ വിപണി ലോഞ്ച് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പ്ലാറ്റ്‌ഫോം, ആധുനിക ഫീച്ചറുകൾ, ആകർഷകമായ വില എന്നിവയുടെ സഹായത്തോടെ കുടുംബ ഇലക്ട്രിക് സ്‍കൂട്ടർ വിഭാഗത്തിൽ ശക്തമായ സാന്നിധ്യം നേടാനാണ് ഏഥറിന്റെ ലക്ഷ്യം.