പള്‍സര്‍ 150 ബിഎസ് 6ന്‍റെ വില കൂട്ടി ബജാജ്; പുതുക്കിയ വിലവിവരം അറിയാം

By Web TeamFirst Published Jul 12, 2020, 8:29 PM IST
Highlights

ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്തതിനുശേഷം ബജാജ് പള്‍സര്‍ 150 ബിഎസ് 6ന്റെ വില വര്‍ദ്ധിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്

മുംബൈ: ബജാജ് ഓട്ടോ ബിഎസ് 6 പള്‍സര്‍ 150ന്‍റെ വില വര്‍ധിപ്പിച്ചു. നിയോണ്‍, സിംഗിള്‍ ഡിസ്‌ക്, ട്വിന്‍ ഡിസ്‌ക് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലും 999 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പ്രാരംഭ പതിപ്പായ നിയോണ്‍ വകഭേദത്തിന് 91,386 രൂപയായി എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന വകഭേദമായ ട്വിന്‍ ഡിസ്‌കിന് 99,565 രൂപയാകും എക്‌സ്‌ഷോറും വില.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്തതിനുശേഷം ബജാജ് പള്‍സര്‍ 150 ബിഎസ് 6ന്റെ വില വര്‍ദ്ധിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2020 മെയ് മാസത്തിലാണ് ആദ്യ വര്‍ധനവിന് നല്‍കിയത്. 4,500 രൂപ വരെയാണ് അന്ന് കമ്പനി വില വര്‍ധനവ് വരുത്തിയത്.

149.5 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. നിയോണ്‍ സില്‍വര്‍, നിയോണ്‍ റെഡ്, നിയോണ്‍ ലൈം ഗ്രീന്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനിലും വാഹനം ലഭ്യമാണ്.

149.5 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, 2 വാല്‍വ്, സിംഗിള്‍ ഓവര്‍ഹെഡ് കാം (എസ്ഒഎച്ച്‌സി) എന്‍ജിനാണ് ബജാജ് പള്‍സര്‍ 150 മോട്ടോര്‍സൈക്കിളിന്‍റെ ഹൃദയം. പുതുതായി ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം നല്‍കിയതോടെ ട്യൂണ്‍ മാറി. ബജാജ് ഓട്ടോയുടെ സ്വന്തം റിസർച്ച് ആൻഡ് അനാലിസിസ് വിഭാഗം വികസിപ്പിച്ചെടുത്തതാണ് ഫ്യുവൽ ഇൻജെക്ഷൻ സംവിധാനം.

ബിഎസ് 6 എന്‍ജിന്‍ നിലവിലെ അതേ 13.8 ബിഎച്ച്പി പരമാവധി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ മുമ്പ് 8,000 ആര്‍പിഎമ്മില്‍ പരമാവധി കരുത്ത് ലഭിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 8,500 ആര്‍പിഎമ്മിലാണ് ലഭിക്കുന്നത്.

പരമാവധി ടോര്‍ക്ക് 13.40 ന്യൂട്ടണ്‍ മീറ്ററില്‍നിന്ന് 13.25 എന്‍എം ആയി കുറഞ്ഞു. 6,500 ആര്‍പിഎമ്മിലാണ് പരമാവധി ടോര്‍ക്ക് ലഭിക്കുന്നത്. മുമ്പ് 6,000 ആര്‍പിഎമ്മില്‍ ലഭിച്ചിരുന്നു. മോട്ടോര്‍സൈക്കിളിന്റെ കര്‍ബ് വെയ്റ്റ് 5 കിലോഗ്രാം വര്‍ധിച്ചു. ഇപ്പോള്‍ 148 കിലോഗ്രാം.

അടുത്തിടെ ബൈക്കിന് ചെറിയ നവീകരണം കമ്പനി നല്‍കിയിരുന്നു. എഞ്ചിന്‍ കൗള്‍ ഉള്‍പ്പെടുത്തിയാണ് ബൈക്കിനെ കമ്പനി നവീകരിച്ചത്. എന്നാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ നവീകരണം വഴി ബൈക്കിന് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുത്തന്‍ ഗൂര്‍ഖ എത്താന്‍ വൈകും; തീയതി പുറത്ത്

click me!