
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ നിർണായക നേട്ടവുമായി ബിഗോസ്. രാജ്യത്ത് പ്രവർത്തനം ആരംഭിച്ച് നാല് വർഷത്തിനുള്ളിൽ ഒരു ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് കമ്പനി. 2022 ഓഗസ്റ്റിലാണ് ബിഗോസ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. 2026 നവംബർ ഒമ്പത് വരെയുള്ള കണക്കുകൾ പ്രകാരം 1,00,595 ഇലക്ട്രിക് സ്കൂട്ടറുകളാണ് കമ്പനി വിറ്റഴിച്ചത്. ഈ വർഷം മാത്രം കമ്പനിയുടെ ആകെ വിൽപ്പനയുടെ 42 ശതമാനവും സ്വന്തമാക്കി. 2026ൽ വിൽപ്പനയിൽ 104 ശതമാനം വാർഷിക വളർച്ച നേടാനും ബിഗോസിന് സാധിച്ചു.
2025 അവസാനത്തോടെ ഇന്ത്യയിലെ ഏഴാമത്തെ വലിയ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായി ബിഗോസ് മാറിയിരുന്നു. 2026ലും എല്ലാ മാസവും രാജ്യത്തെ മികച്ച പത്ത് ബ്രാൻഡുകളുടെ പട്ടികയിൽ ഇടം നിലനിർത്താൻ കമ്പനിക്ക് സാധിച്ചു. ജൂലൈ മുതൽ ഒക്ടോബർ വരെ തുടർച്ചയായി നാല് മാസങ്ങളിൽ 5,000 യൂണിറ്റിലധികം സ്കൂട്ടറുകളാണ് വിറ്റഴിച്ചത്.
ജൂലൈയിൽ 5,560 യൂണിറ്റുകളും ഓഗസ്റ്റിൽ 5,046 യൂണിറ്റുകളും സെപ്റ്റംബറിൽ 5,024 യൂണിറ്റുകളും ഒക്ടോബറിൽ 5,556 യൂണിറ്റുകളുമായിരുന്നു വിൽപ്പന. ഒരു വർഷത്തിനിടെ ആദ്യമായി 50,000 യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. വിപണിയിലെ സ്ഥാനം മെച്ചപ്പെടുത്തണമെങ്കിൽ പ്രതിമാസ വിൽപ്പന 7,000 യൂണിറ്റിന് മുകളിലെത്തിക്കേണ്ടതുണ്ട്.
കമ്പനി അടുത്തിടെ പുറത്തിറക്കിയ പുതിയ ഇലക്ട്രിക് സ്കൂട്ടറാണ് സി12 മാക്സ്ആർ. ബിഗോസിന്റെ നിരയിലെ ഏറ്റവും പ്രീമിയവും കരുത്തുറ്റതുമായ മോഡലാണിത്. 3.8 കിലോവാട്ട് അവർ ശേഷിയുള്ള എൽഎഫ്പി ബാറ്ററിയാണ് വാഹനത്തിലുള്ളത്. ഒറ്റ ചാർജിൽ 178 കിലോമീറ്റർ ഐഡിസി റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
4.2 കിലോവാട്ട് പീക്ക് പവറുള്ള ഹബ് മോട്ടോറാണ് സ്കൂട്ടറിന് കരുത്തേകുന്നത്. മണിക്കൂറിൽ 75 കിലോമീറ്ററാണ് പരമാവധി വേഗത. ഇക്കോ, റൈഡ്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളും വാഹനത്തിലുണ്ട്. റിവേഴ്സ് മോഡ്, ക്രൂയിസ് കൺട്രോൾ, റീജനറേറ്റീവ് ബ്രേക്കിങ് തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്.
ഫീച്ചറുകളുടെ കാര്യത്തിലും സി12 മാക്സ്ആർ ശ്രദ്ധേയമാണ്. അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, കോൾ അലേർട്ടുകൾ, ടേൺ ബൈ ടേൺ നാവിഗേഷൻ, യുഎസ്ബി ചാർജിങ് പോർട്ട്, കണക്റ്റഡ് ടെക്നോളജി എന്നിവയാണ് പ്രധാന സവിശേഷതകൾ. രണ്ട് ഹെൽമെറ്റുകൾ സൂക്ഷിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്ന 38 ലിറ്റർ സ്റ്റോറേജ് സ്പേസും വാഹനത്തിലുണ്ട്.
സുരക്ഷയ്ക്കായി ഫാൾ ഡിറ്റക്ഷൻ സംവിധാനവും മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ 1.60 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ആതർ റിസ്റ്റ തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകളുമായാണ് ബിഗോസ് സി12 മാക്സ്ആർ മത്സരിക്കുന്നത്.