'വഞ്ചിതരായി നിയമക്കുരുക്കിൽ അകപ്പെടാതിരിക്കുക'; ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

By Web TeamFirst Published Aug 27, 2023, 6:05 AM IST
Highlights

അത്തരം വില്‍പന മോട്ടോര്‍ വാഹന നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി. 

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്. ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ അതിന് രജിസ്‌ട്രേഷന്‍ ആവശ്യമുള്ളതാണോ അല്ലാത്തതാണോ എന്ന് ഉറപ്പ് വരുത്തി മാത്രം വാങ്ങണമെന്ന് എംവിഡി നിര്‍ദേശിച്ചു. ചില വാഹന വില്‍പനക്കാര്‍ ഉപഭോക്താക്കളെ രജിസ്‌ട്രേഷനും ലൈസന്‍സും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന് വിശ്വസിപ്പിച്ച് മോട്ടോര്‍ പവര്‍ കൂട്ടിയും പരമാവധി വേഗത വര്‍ധിപ്പിച്ചും വില്‍പന നടത്തുന്നുണ്ട്. ഇത്തരം വില്‍പന മോട്ടോര്‍ വാഹന നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി. 

എംവിഡി കുറിപ്പ്: കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 2 (u) വിലാണ് ബാറ്ററി ഓപ്പറേറ്റഡ് ടൂ വീലറുകളുടെ നിര്‍വ്വചനം പറയുന്നത്. താഴെ പറയുന്ന കാര്യങ്ങള്‍ ഏതെങ്കിലും അംഗീകൃത ടെസ്റ്റിംഗ് ഏജന്‍സികള്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്തവ ആണെങ്കില്‍ അത്തരം ടൂ വീലറുകളെ ഒരു മോട്ടോര്‍ വാഹനമായി കണക്കാക്കില്ല. അത്തരം ടൂ വീലറുകള്‍ക്ക് റജിസ്‌ട്രേഷനും ആവശ്യമില്ല.
# ടൂ വീലറില്‍ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിന്റെ പവര്‍ 0.25kw (250 w) താഴെ ആണെങ്കില്‍
# ടൂ വീലറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 km ല്‍ താഴെ ആണെങ്കില്‍
# ബാറ്ററിയുടെ ഭാരം ഒഴികെ വാഹനത്തിന്റെ ഭാരം 60 kg ല്‍ താഴെ ആണെങ്കില്‍
അതായത്, ചില വാഹന വില്പനക്കാര്‍ ഉപഭോക്താക്കളെ റജിസ്‌ട്രേഷനും ലൈസന്‍സും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന് വിശ്വസിപ്പിച്ച് മോട്ടോര്‍ പവര്‍ കൂട്ടിയും (0.25 kw ല്‍ കൂടുതല്‍ ), പരമാവധി വേഗത വര്‍ദ്ധിപ്പിച്ചും (25kmph ല്‍ കൂടുതല്‍) വില്പന നടത്തുന്നു. ഇത്തരം വില്പന മോട്ടോര്‍ വാഹന നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണ്. 

രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍.......
# മോട്ടോര്‍ പവര്‍ 0.25 kw ല്‍ താഴെ ആയിരിക്കണം.
# പരമാവധി വേഗത 25 kmph ല്‍ കൂടരുത്.
# ബാറ്ററി ഒഴികെ വാഹന ഭാരം 60kg ല്‍ കൂടരുത്.
# മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഒരു അംഗീകൃത ടെസ്റ്റിംഗ് ഏജന്‍സി ടെസ്റ്റ് ചെയ്ത അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന്  വിരുദ്ധമായത് ഉണ്ട് എങ്കില്‍ അത്തരം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 'റജിസ്‌ട്രേഷന്‍ ആവശ്യമില്ല' എന്ന ആനുകൂല്യം ലഭിക്കില്ല. ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ അതിന് റജിസ്‌ട്രേഷന്‍ ആവശ്യമുള്ളതാണോ അല്ലാത്തതാണോ എന്ന് ഉറപ്പ് വരുത്തി മാത്രം വാഹനം വാങ്ങുക. വഞ്ചിതരായി നിയമക്കുരുക്കില്‍ അകപ്പെടാതിരിക്കുക.
 

സ്കൂൾ വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസ്; മാസങ്ങൾക്ക് ശേഷം പൊലീസില്‍ കീഴടങ്ങി യുവാക്കള്‍ 
 

click me!