
ഫാക്ടറിയിൽ നിന്നും ഘടിപ്പിച്ച സിഎൻജി കിറ്റുമായി വരുന്ന രാജ്യത്തെ ആദ്യ സ്‌കൂട്ടറിനായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ടിവിഎസ് മോട്ടോഴ്‌സ്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ഇവൻ്റിലാണ് കമ്പനി ജൂപ്പിറ്റർ സിഎൻജി സ്‌കൂട്ടർ അവതരിപ്പിച്ചത്. എന്നാൽ, ലോഞ്ച് സംബന്ധിച്ച് കമ്പനി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ഈ സ്‍കൂട്ടർ ഉടൻ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. ഈ സ്‌കൂട്ടർ സിഎൻജിക്കൊപ്പം പെട്രോളിലും പ്രവർത്തിക്കും. കഴിഞ്ഞ വർഷം ബജാജ് ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിൾ ഫ്രീഡം 125 പുറത്തിറക്കിയിരുന്നു.
124.8 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ടിവിഎസ് സ്‍കൂട്ടറിൽ നൽകിയിരിക്കുന്നത്. ഇതുമൂലം സ്‍കൂട്ടറിന് 5.3 കിലോവാട്ട് ശക്തിയും 9.4 ന്യൂട്ടൺ മീറ്റർ ടോർക്കും ലഭിക്കുന്നു. ഇതോടൊപ്പം പെട്രോളും സിഎൻജിയും ഉപയോഗിച്ച് 226 കിലോമീറ്റർ വരെ സ്‍കൂട്ടർ ഓടിക്കാം. 80.5 കിലോമീറ്റർ വരെയാണ് പരമാവധി വേഗത. ഒരു കിലോഗ്രാം സിഎൻജിയിൽ 84 കിലോമീറ്റർ വരെയും ഓടാനാകും. രണ്ട് ലിറ്റർ പെട്രോൾ ടാങ്കും 1.4Kg CNG ടാങ്കും ഉണ്ട്.
അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും വലിയ സീറ്റാണ് ഇതിന് നൽകിയിരിക്കുന്നത്. ഇതോടൊപ്പം, മാക്‌സ് മെറ്റൽ ബോഡി, എക്‌സ്‌റ്റേണൽ ഫ്യുവൽ ലിഡ്, മുന്നിൽ മൊബൈൽ ചാർജർ, സെമി ഡിജിറ്റൽ സ്‌പീഡോമീറ്റർ, ബോഡി ബാലൻസ് ടെക്‌നോളജി, കൂടുതൽ ലെഗ് സ്‌പേസ്, ഇടിഎഫ്ഐ ടെക്‌നോളജി, ഇൻ്റലിഗോ ടെക്‌നോളജി, ഓൾ ഇൻ വൺ ലോക്ക്, സൈഡ് സ്റ്റാൻഡുള്ള എഞ്ചിൻ ഇൻഹിബിറ്റർ എന്നിവയും നൽകിയിട്ടുണ്ട്. ട്രോളിൽ നിന്ന് സിഎൻജിയിലേക്ക് മാറാൻ ഇതിന് പ്രത്യേക ബട്ടണുണ്ട്.
കമ്പനി ഇതുവരെ സിഎൻജി സ്‍കൂട്ടറിന്‍റെ ലോഞ്ച് സംബന്ധിച്ച വിശദാംശങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2025 പകുതിയോടെ ഇത് വിപണിയിൽ ലോഞ്ച് ചെയ്യും. അതേസമയം, അതിൻ്റെ എക്സ്-ഷോറൂം വില ഏകദേശം ഒരു ലക്ഷം രൂപയായിരിക്കും. വിപണിയിലെത്തുന്ന ആദ്യ സിഎൻജി സ്‌കൂട്ടർ കൂടിയാണിത്.