ക്ലാസെടുക്കാൻ എന്തിനാണ് എല്ലാ ദിവസവും മരത്തിൽ കയറുന്നത്? മറുപടി ഈ അധ്യാപകൻ പറയും

By Web TeamFirst Published Apr 23, 2020, 10:54 AM IST
Highlights

കൊല്‍ക്കത്തയിലെ അഡമാസ് യൂണിവേഴ്‌സിറ്റിയിലെയും റൈസ് എജ്യുക്കേഷനിലെയും അധ്യാപകനായ സുബ്രത തന്റെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ എടുക്കുന്നതിന് വേണ്ടിയാണ് മരംകയറ്റം പതിവാക്കിയിരിക്കുന്നത്. 

കൊൽക്കത്ത: ലോക്ക് ഡൗൺ കാലമായതിനാൽ എല്ലാവരും വീട്ടിലിരിപ്പാണ്. വീട്ടിലിരുന്നാണ് മിക്കവരും ഓഫീസ് ജോലികൾ ചെയ്യുന്നത്. എന്നാൽ വീട്ടിലിരിക്കുന്നതിന് പകരം മരത്തിലിരുന്ന തന്റെ ജോലി ചെയ്യുന്ന ആളെ നിങ്ങൾക്കറിയാമോ? എന്നാൽ അങ്ങനെയൊരാളുണ്ട്.  പശ്ചിമ ബംഗാള്‍ ബങ്കുര ജില്ലയിലെ അഹന്‍ഡ ഗ്രാമത്തിലുള്ള ചരിത്രാധ്യാപകനായ സുബ്രത പാടിയാണ് എല്ലാ ദിവസവും രാവിലെ മരത്തിന് മുകളിൽ വലിഞ്ഞു കയറുന്നത്. കൊല്‍ക്കത്തയിലെ അഡമാസ് യൂണിവേഴ്‌സിറ്റിയിലെയും റൈസ് എജ്യുക്കേഷനിലെയും അധ്യാപകനായ സുബ്രത തന്റെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ എടുക്കുന്നതിന് വേണ്ടിയാണ് മരംകയറ്റം പതിവാക്കിയിരിക്കുന്നത്. അതിനെന്തിനാണ് മരത്തിൽ കയറുന്നതെന്നോ? ഇന്റർനെറ്റ് റേഞ്ച് കിട്ടണമെങ്കിൽ മരത്തിൽ കയറിയേ പറ്റൂ എന്നാണ് സുബ്രതോയുടെ ഉത്തരം. വീടിനടുത്തുള്ള വേപ്പ് മരത്തില്‍ ഒരു തട്ടുണ്ടാക്കി അതിനു മുകളിലിരുന്നാണ് സുബ്രത കുട്ടികള്‍ക്ക് ഓണ്‍ലൈനായി ചരിത്രപാഠം പകരുന്നത്.  

കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യം അടച്ചുപൂട്ടിയപ്പോൾ എല്ലാവരെയും പോലെ സുബ്രതോയും അഹൻഡ ​ഗ്രാമത്തിലെ തന്റെ വീട്ടിലെത്തി. കുടുംബത്തോടൊപ്പം ചെലവഴിക്കാമല്ലോ എന്ന് കരുതി. എന്നാൽ അധ്യാപകനായ തന്നെ കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കാണ് അദ്ദേഹം ആദ്യപരി​ഗണന നൽകിയത്. നെറ്റ് ശരിയായി ലഭിച്ചെങ്കിൽ മാത്രമേ ഓൺലൈൻ പാഠങ്ങൾ കൃത്യമായി എടുക്കാൻ സാധിക്കൂ. വീട്ടിലാണെങ്കിൽ റേഞ്ച് കുറവാണ്. അതുകൊണ്ടാണ് വേപ്പുമരത്തിൽ ഒരു ഏറുമാടമുണ്ടാക്കി അതിലിരുന്ന് ക്ലാസ്സെടുക്കുന്നത്. ഭക്ഷണവും വെള്ളവുമുൾപ്പെടെ എടുത്തു കൊണ്ടാണ് സുബ്രതോ മരത്തിന് മുകളിൽ കയറുന്നത്. ഒരു ദിവസം മൂന്ന് നാല് ക്ലാസ്സുകൾ വരെ എടുക്കുമെന്ന് അദ്ദേഹം പറയുന്നു. 

വേനല്‍ ചൂടൊക്കെ സഹിച്ചാണ്  ഈ അധ്യാപനം. ഇടയ്‌ക്കെത്തുന്ന ഇടിയും മിന്നലും മഴയും മരത്തിന് മുകളിലെ പ്ലാറ്റ്‌ഫോമിന് നാശം വരുത്തും. അവയൊക്കെ വീണ്ടും ശരിയാക്കി സുബ്രത തന്റെ അധ്യാപനം തുടരും. എത്രയൊക്കെ പ്രതിസന്ധികൾ  വന്നാലും വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നതിൽ യാതൊരു വിധ വിട്ടുവീഴ്ചകൾക്കും ഇദ്ദേഹം തയ്യാറല്ല. അധ്യാപകനെ നൂറുശതമാനം പിന്തുണക്കുന്ന വിദ്യാർത്ഥികൾ ഒറ്റ ക്ലാസ്സു പോലും മുടക്കാറില്ല. ഇത്ര ത്യാഗം സഹിച്ച് തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകന്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്ന് റൈസ് എജ്യുക്കേഷനിലെ വിദ്യാർഥികളിലൊരാളായ ബുദ്ധദേബ് മൈതി പറയുന്നു. 

തന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത് വിദ്യാർത്ഥികളാണെന്ന് സുബ്രതോ പറയുന്നു. 'അവർ എപ്പോഴും എനിക്ക് പിന്തുണ നൽകി കൂടെ നിൽക്കുന്നുണ്ട്. ഞാൻ പഠിപ്പിക്കുന്ന വിഷയത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങാൻ അവർ പരിശ്രമിക്കുന്നുണ്ട്.' സുബ്രതോയുടെ വാക്കുകൾ. വിളവെടുപ്പ് കാലത്ത് തങ്ങളുടെ കൃഷി സ്ഥലത്തേക്ക് അതിക്രമിച്ച് കടക്കുന്ന ആനകളെ നിരീക്ഷിക്കാന്‍ ഗ്രാമത്തിലെ കര്‍ഷകര്‍ മരമുകളില്‍ സ്ഥാപിക്കുന്ന ഏറുമാടങ്ങളിൽ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്ന് സുബ്രതോ പറയുന്നു. ഈ അധ്യാപകനെ ഓർത്ത് വളരെയധികം അഭിമാനം തോന്നുന്നു എന്നാണ് അഡമാസ് സർവ്വകലാശാല ചാൻസലർ സമിത് റോയ് പറഞ്ഞു. 
 

click me!