'ഇവിടെയെല്ലാം ഫ്രെഷാണ്'; കേന്ദ്രസർക്കാരിന്റെ പത്ത് ലക്ഷം ​ഗ്രാന്റ് നേടി തൂശൂരിലെ സ്റ്റാർട്ട് അപ്പ്

By Sumam ThomasFirst Published Aug 10, 2021, 5:11 PM IST
Highlights

രണ്ട് മാസം അവിടെ താമസിച്ചുകൊണ്ടുള്ള പ്രോഗ്രാം ആയിരുന്നു. ഈ പ്രസ്ഥാനത്തിന്റെ ഒരു ടേണിംഗ് പോയന്റായിരുന്നു അത്. സ്റ്റാർട്ട് അപ്പുകളെക്കുറിച്ചും കൃഷിയെക്കുറിച്ചും ബിസിനസ്സിനെക്കുറിച്ചുള്ള ധാരാളം അറിവുകൾ ലഭിച്ചത് ഇവിടെ നിന്നാണെന്ന് പറയാം.

തൃശൂർ: അന്താരാഷ്ട്ര കമ്പനിയിലെ ജോലി രാജി വെച്ചിട്ടാണ് തൃശൂർ സ്വദേശി സിൻഡോ തനിക്കേറ്റവും താത്പര്യമുള്ള ഒരു സംരംഭം ആരംഭിക്കാൻ തീരുമാനിച്ചത്. ആദ്യവർഷങ്ങളിൽ ചെറിയ പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നെങ്കിലും ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് നേടിയിരിക്കുകയാണ് തൃശൂർ ജില്ലയിലെ പടിഞ്ഞാറക്കോട്ടയിലുള്ള വി ആർ ഫ്രെഷ് എന്ന സ്ഥാപനം. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സിൻഡോ സംസാരിക്കുന്നു

ശീതികരിക്കാത്ത, പേര് പോലെ തന്നെ ഫ്രഷായ മത്സ്യ മാസാംദികൾ ഓൺലൈനായി വീടുകളിലെത്തിക്കുകയാണ് വി ആർ ഫ്രെഷ് ചെയ്യുന്നത്. '2015 ലാണ് ഒരു സംരംഭത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്, ബാംഗ്ലൂരിൽ ഒരു കമ്പനിയുടെ റീജിയണൽ മാനേജരായിരുന്ന സമയത്ത്. ബാംഗ്ലൂരിൽ ആരംഭിക്കാനായിരുന്നു ആദ്യം പ്ലാനിട്ടിരുന്നത്. പക്ഷേ ചെലവ് കൂടുതലായിരിക്കുമെന്നത് കൊണ്ട് തൃശൂരിലേക്ക് മാറ്റി. കുടുംബവും ഇവിടെയാണ്. എഫ്എംസിജി മേഖലയിലാണ് ഇതിന് മുമ്പ് വർക്ക് ചെയ്തിട്ടുള്ളത്, 2002 മുതൽ. ഏറ്റവുമൊടുവിൽ ബാംഗ്ലൂരിൽ ഒരു ഓസ്ട്രേലിയൻ കമ്പനിയിലായിരുന്നു ജോലി. ആ സമയത്താണ് ഇത്തരമൊരു ആശയം മനസ്സിലേക്ക് വരുന്നത്. 2015 മുതൽ ഫിഷിനെയും മീറ്റിനെയും കുറിച്ച് കൂടുതൽ പഠിക്കാനാരംഭിച്ചിരുന്നു.'  സ്റ്റാർട്ട് അപ് ആരംഭിക്കണമെന്ന് ചിന്തിച്ചു തുടങ്ങിയതിനെക്കുറിച്ച് സിൻഡോയുടെ വാക്കുകള്‍ ഇങ്ങനെ.

തൃശൂർ മണ്ണുത്തിയിലുള്ള വെറ്റിനറി ഹോസ്പിറ്റലിൽ നിന്നാണ് പ്രോസസിംഗിനെക്കുറിച്ചൊക്കെ വൃക്തമായ ധാരണ ലഭിച്ചത്. ഇതിനോട് താത്പര്യമുള്ളവരെ സഹായിക്കാൻ ഇവിടുത്തെ അധ്യാപകരും വളരെ തത്പരരാണ്. സുഹൃത്തിന്റെ സുഹൃത്ത് അവിടുത്തെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. മീറ്റിനെക്കുറിച്ച് പഠിപ്പിക്കുന്ന ഒരു ഡിപ്പാർട്ട്മെന്റ് തന്നെയുണ്ട് അവിടെ. അങ്ങനെ അവരിൽ നിന്ന് ധാരാളം സഹായവും പിന്തുണയും ലഭിച്ചു. അങ്ങനെ 2016 ൽ ജോലി രാജിവെച്ച് നാട്ടിലെത്തി. പിന്നീടുള്ള കാര്യങ്ങളെല്ലാം തയ്യാറാക്കി 2017ലാണ് വി ആർ ഫ്രെഷ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. തൃശൂർ കോർപറേഷനാണ് സപ്ലൈക്ക് തെരഞ്ഞെടുത്തത്. പക്ഷേ പ്രതീക്ഷിച്ചത് പോലെ ബിസിനസ് മുന്നോട്ട് പോയില്ല. ഒരുപാട് നഷ്ടങ്ങളുണ്ടായി, പക്ഷേ വിട്ടുപോകാൻ തയ്യാറായില്ല. എങ്ങനെയും പിടിച്ചു നിൽക്കാൻ ശ്രമിച്ചു.

അങ്ങനെയിരിക്കെയാണ് 2019 ൽ ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന  ഐവിആർഐ (ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) അഗ്രിബേസ് സ്റ്റാർട്ട് അപ്പുകൾക്ക് വേണ്ടിയുള്ള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജന എന്നൊരു പദ്ധതിയുടെ കീഴിൽ അഗ്രി റിലേറ്റഡ് സ്റ്റാർട്ട്അപ്പുകൾക്ക് വേണ്ടിയുള്ള ഇൻകുബേഷൻ നടത്തുന്നു എന്നറിഞ്ഞു. അത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 25 ലക്ഷം വരെ ഗ്രാന്റ് ലഭിക്കും. മത്സ്യത്തിന്റെയും മാംസത്തിന്റെയും ഓൺലൈൻ വിപണന സാധ്യത ആയിരുന്നു സിൻഡോയുടെ പ്രൊജക്റ്റ്. സിൻഡോയുടെ പ്രൊജക്റ്റും അംഗീകരിക്കപ്പെട്ടു.

'രണ്ട് മാസം അവിടെ താമസിച്ചുകൊണ്ടുള്ള പ്രോഗ്രാം ആയിരുന്നു. ഈ പ്രസ്ഥാനത്തിന്റെ ഒരു ടേണിംഗ് പോയന്റായിരുന്നു അത്. സ്റ്റാർട്ട് അപ്പുകളെക്കുറിച്ചും കൃഷിയെക്കുറിച്ചും ബിസിനസ്സിനെക്കുറിച്ചുള്ള ധാരാളം അറിവുകൾ ലഭിച്ചത് ഇവിടെ നിന്നാണെന്ന് പറയാം. എന്റെ പ്രൊജക്റ്റിന് പത്ത് ലക്ഷം രൂപയാണ് അനുവദിച്ചത്.' സിൽഡോ പറയുന്നു.

ലോക്ക്ഡൗൺ സമയത്ത് ബിസിനസ് കുറച്ചൊന്ന് മെച്ചമായി എന്ന് സിൻഡോ പറയുന്നു.  ഇവിടെ നിന്ന് ഫിഷും മീനും വാങ്ങിപ്പോകുന്നവരാണ് തങ്ങളുടെ പരസ്യമെന്നും സിൻഡോ കൂട്ടിച്ചേർക്കുന്നു. ബീഫ്, ചിക്കൻ, മട്ടൺ, പോർക്ക്, മീൻ, താറാവ്, കാട, ടർക്കി തുടങ്ങി എല്ലായിനം മത്സ്യമാസാംദികളും ഇവിടെ ലഭ്യമാണ്. ഏറ്റവും കൂടുതൽ ചെലവാകുന്നത് മീനും ചിക്കനുമാണ്.  ഭാര്യ ജിൽമോളും സിൻഡോക്ക് പിന്തുണയായി ഒപ്പമുണ്ട്. ആർകെവിവൈ പദ്ധതിയുടെ കീഴിൽ അഗ്രിബേസ്ഡ് സ്റ്റാർട്ട് അപ്പുകൾക്ക് കേരളത്തിൽ നിന്ന് ആദ്യമായി ഇത്തരമൊരു ഗ്രാ‍ന്റ് ലഭിക്കുന്നത് ഈ സ്ഥാപനത്തിനാണെന്നും സിൻഡോ കൂട്ടിച്ചേർത്തു
 

click me!