അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് എല്ലാ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം: മന്ത്രി വീണാ ജോർജ്

Published : May 04, 2022, 03:56 PM IST
അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് എല്ലാ അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം: മന്ത്രി വീണാ ജോർജ്

Synopsis

പൂജപ്പുരയിൽ സംസ്ഥാനത്തെ ആദ്യത്തെ സ്മാർട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷം (next financial year) അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികൾക്കും (Anganawadis) സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് (Veena George). സംസ്ഥാനത്തെ 33,115 അങ്കണവാടികളിൽ 24,360 അങ്കണവാടികൾ സ്വന്തം കെട്ടിടത്തിലും 6498 അങ്കണവാടികൾ വാടക കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. ഈ വർഷത്തോടെ തന്നെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൂജപ്പുരയിൽ സംസ്ഥാനത്തെ ആദ്യത്തെ സ്മാർട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതു വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്ത് വിപ്ലവാത്മകമായ മാറ്റങ്ങളാണുണ്ടായത്. അക്കാഡമിക് സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചു. ഒന്നാം ക്ലാസിന് മുമ്പ് കുട്ടികൾ എത്തുന്ന ഇടമാണ് അങ്കണവാടികൾ. അതനുസരിച്ച് അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങൾ വരുത്തി. 155 സ്മാർട്ട് അങ്കണവാടി കെട്ടിടങ്ങൾക്ക് നിർമ്മാണാനുമതി നൽകിയിട്ടുണ്ട്. അവയുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചു വരുന്നു. സ്ഥല പരിമിതി അനുസരിച്ച് 10, 7, 5 സെന്റുകൾ വീതമനുസരിച്ചാണ് മോഡൽ അങ്കണവാടികൾ രൂപകല്പന ചെയ്തിരിക്കുന്നത്. അങ്കണവാടി കരിക്കുലം ജെൻഡർ ഓഡിറ്റിംഗ് നടത്തി പരിഷ്‌ക്കരിച്ച് ലിംഗ സമത്വം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാർട്ട് അങ്കണവാടികൾക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്ഡോർ പ്ലേ ഏരിയ, ഹാൾ, പൂന്തോട്ടം തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ടാകും. 6 മാസത്തിനുള്ളിൽ സമയ ബന്ധിതമായി ഈ സ്മാർട്ട് അങ്കണവാടികൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്ക് മെച്ചപ്പെട്ട പഠനാനുഭവം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. 10 ലക്ഷം വിദ്യാർത്ഥികൾ പൊതു വിദ്യാഭ്യാസ രംഗത്ത് പുതുതായി എത്തിയത് വലിയ കാര്യമാണ്. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിന് സ്മാർട്ട് അങ്കണവാടികൾ സഹായിക്കും. ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും സ്മാർട്ട് അങ്കണവാടികൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
 

PREV
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ