ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ സിവിൽ സർവ്വീസ്; നാടിന്റെ അഭിമാനമായി അമൻ ചന്ദ്രൻ

Web Desk   | Asianet News
Published : Aug 05, 2020, 04:20 PM ISTUpdated : Aug 05, 2020, 04:25 PM IST
ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ സിവിൽ സർവ്വീസ്; നാടിന്റെ അഭിമാനമായി അമൻ ചന്ദ്രൻ

Synopsis

ആദ്യ തവണ മെയിൻ ലിസ്റ്റിൽ ഇടം പിടിച്ചെങ്കിലും അഭിമുഖത്തിൽ പരാജയപ്പെട്ടു. ഒട്ടും തളരാതെ വീണ്ടും പരിശ്രമം തുടർന്നു. 

പാലക്കാട്: ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ സിവിൽ സർവ്വീസ് നേടിയതിന്റെ സന്തോഷത്തിലാണ് പാലക്കാട്ട് പെരിങ്ങാട്ട്കുറിശ്ശി സ്വദേശി അമൻ ചന്ദ്രൻ. രണ്ടാമത്തെ പരിശ്രമത്തിനൊടുവിലാണ് അമൻ 197-ാം റാങ്ക് കരസ്ഥമാക്കി നാടിനാകെ അഭിമാനമായത്. 'വളരെയധികം സന്തോഷം തോന്നുന്നു. ഞാൻ വളരെക്കാലമായി ആ​ഗ്രഹിച്ചിരുന്ന ഒരു ലക്ഷ്യമായിരുന്നു. കിട്ടിയതിൽ വളരെ സന്തോഷം.' അമൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

ചെറുപ്പം മുതൽ പഠനത്തിൽ ഏറെ മിടുക്കനായിരുന്നു അമൻ ചന്ദ്രൻ. എഞ്ചിനീയറിം​ഗ് ബിരുദം പൂർത്തിയാക്കി ക്യാംപസ് സെലക്ഷനിലൂടെ ഉയർന്ന ജോലി കിട്ടിയെങ്കിലും സിവിൽ സർവ്വീസ് എന്ന മോഹത്തിന് വേണ്ടി വേണ്ടെന്ന് വച്ചു. പിന്നീട് തിരുവനന്തപുരത്തെ ഐഎഎസ് അക്കാദമിയിൽ പഠനം. ആദ്യ തവണ മെയിൻ ലിസ്റ്റിൽ ഇടം പിടിച്ചെങ്കിലും അഭിമുഖത്തിൽ പരാജയപ്പെട്ടു. ഒട്ടും തളരാതെ വീണ്ടും പരിശ്രമം തുടർന്നു. 'നമ്മുടെ ജീവിതം കൊണ്ട് രാജ്യത്തിന് എന്തെങ്കിലും പ്രയോജനം ഉണ്ടാകണം എന്നൊരു ആ​ഗ്രഹം എനിക്കുണ്ടായിരുന്നു. ഈ സർവ്വീസിലൂടെ ആൾക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ സാധിക്കുമെങ്കിൽ അത്രയും നല്ലത്.' അമൻ പറയുന്നു. 

സ്വകാര്യസ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്യുന്ന ചന്ദ്രന്റെയും സ്കൂൾ അധ്യാപികയായ ​ഗീതയുടെയും രണ്ടാൺമക്കളിൽ ഇളയവനാണ് അമൻ. പഠിച്ചിറങ്ങിയ ഐഎഎസ് അക്കാദമിയിൽ ​ഗസ്റ്റ് ലക്ചററായി ജോലി നോക്കിക്കൊണ്ടാണ് ഇത്തവണ സ്വപ്ന തുല്യമായ വിജയം നേടിയെടുത്തത്. 'സാധാരണക്കാരായ ആളുകൾ കിട്ടുമോ എന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. എന്നാൽ അവനെ മോട്ടിവേറ്റ് ചെയ്യേണ്ടതും അത്യാവശ്യമായിരുന്നു. വേണ്ട എന്ന് പറയുമ്പോൾ അവന് വിഷമമാകരുത് എന്നും നിർബന്ധമുണ്ടായിരുന്നു. ആദ്യവർഷം മാത്രമേ ഫീസ് കൊടുത്ത് പഠിക്കേണ്ടി വന്നുള്ളൂ. അവിടെ ജോലി ചെയ്തു കൊണ്ട് തന്നെയാണ് പഠിച്ചത്. ഇപ്രാവശ്യം കിട്ടിയതിൽ സന്തോഷമുണ്ട്.' അമന്റെ അമ്മ ​ഗീത പറയുന്നു. 

PREV
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും