ഗര്‍ഭകാല പരിചരണത്തിന് പുതിയൊരു തുടക്കം; 'സൂതികാമിത്രം' പരിശീലന കോഴ്‌സുമായി ആയുഷ് വകുപ്പ്

Published : Sep 22, 2025, 06:50 PM IST
Pregnancy

Synopsis

ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ വനിതകള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കുന്ന കോഴ്സാണ് സൂതികാമിത്രം. അമ്മയുടെയും കുഞ്ഞിന്റെയും പരിചരണം ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം: വനിതകള്‍ക്ക് ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്നതിന് സൂതികാമിത്രം കോഴ്‌സ് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക സഹകരണത്തോടെ നാഷണല്‍ ആയുഷ് മിഷനാണ് കോഴ്‌സ് നടത്തുന്നത്. അമ്മയേയും കുഞ്ഞിനേയും ശാസ്ത്രീയമായി പരിചരിക്കുന്നതിനും അവരുടെ സേവനം സംസ്ഥാനത്ത് എല്ലായിടങ്ങളിലും ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണിത്. നാഷണല്‍ ആയുഷ് മിഷന്റെ മേല്‍നോട്ടത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ട്രെയിനിംഗ് ഇന്‍ ആയുഷ് വഴിയാണ് പരിശീലനം നല്‍കുന്നത്. എസ്.എസ്.എല്‍.സി. പാസായ 20 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് ഈ കോഴ്‌സില്‍ പങ്കെടുക്കാം. സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള വനിതാ ഫെഡറേഷന്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നു. സമാനമായി കുടുംബശ്രീ മുതലായ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയും പദ്ധതി നടപ്പിലാക്കുന്നതാണ്. താത്പര്യമുള്ള മറ്റ് ഏജന്‍സികള്‍ക്കും ഈ പദ്ധതി നടപ്പിലാക്കാവുന്നതാണ്.

കോഴ്‌സ് പാസാകുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം പരമ്പരാഗത രീതിയില്‍ ചെയ്യുന്നതോടൊപ്പം വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പത്താമത് ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി പദ്ധതിയുടെ ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 23) വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ