സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ്; ആർക്കൊക്കെ അപേക്ഷിക്കാം?

By Web TeamFirst Published Sep 6, 2021, 9:42 AM IST
Highlights

ഒരു വർഷത്തേക്ക് 6,000 രൂപയാണ് സ്‌കോളർഷിപ്പ്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

തിരുവനന്തപുരം: സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക്, സംസ്ഥാന ന്യൂനപക്ഷ  ക്ഷേമ വകുപ്പിന്റെ എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

ഒരു വർഷത്തേക്ക് 6,000 രൂപയാണ് സ്‌കോളർഷിപ്പ്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള നോൺ ക്രീമിലയർ വിഭാഗത്തിനും അപേക്ഷിക്കാം.  രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കൂ. 

കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 30 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.  അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും  വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!