സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌ക്കാരം: ബാലസാഹിത്യ പുരസ്‌കാരങ്ങൾ; അപേക്ഷിക്കേണ്ടതെങ്ങനെ?

By Web TeamFirst Published Aug 16, 2022, 4:47 PM IST
Highlights

അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു.  വ്യക്തിഗത പുരസ്‌ക്കാരത്തിനായി അതത് മേഖലകളിലെ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെ നാമനിർദേശം ചെയ്യാവുന്നതാണ്. 

തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2021ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിനുള്ള നാമനിർദേശം സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത പുരസ്‌ക്കാരത്തിനായി അതത് മേഖലകളിലെ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെ നാമനിർദേശം ചെയ്യാവുന്നതാണ്. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവര്‍ത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി എന്നീ മേഖലകളില്‍നിന്നും ഓരോ വ്യക്തിക്കു വീതം ആകെ 10 പേര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. പുരസ്‌ക്കാരത്തിനായി സ്വയം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യാവുന്നതാണ്. പുരസ്‌ക്കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000/- രൂപയും പ്രശസ്തി പത്രവും നല്‍കും.

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000/- രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000/- രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നല്‍കും. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അപേക്ഷ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്സൈറ്റിലും ലഭ്യമാണ്. (www.ksywb.kerala.gov.in)

ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു. 2019, 2020, 2021 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികൾക്കാണ് പുരസ്‌കാരം. 20,000 രൂപയും, പ്രശസ്തി പത്രവും, ഫലകവുമാണ് പുരസ്‌കാരം. കഥ/നോവൽ, കവിത, നാടകം, വിവർത്തനം/പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവചരിത്രം/ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷൻ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്‌കാരം. 

മുൻവർഷങ്ങളിൽ പുരസ്‌കാരം ലഭിച്ച എഴുത്തുകാരുടെ കൃതികൾ അതേ വിഭാഗത്തിൽ വീണ്ടും പരിഗണിക്കില്ല. അവർക്ക് മറ്റു വിഭാഗങ്ങളിലേക്ക് കൃതികൾ അയയ്ക്കാം. എഴുത്തുകാർക്കും പ്രസാധകർക്കും പുരസ്‌കാരത്തിനായി പുസ്തകങ്ങൾ അയയ്ക്കാം. പരിഷ്‌കരിച്ച പതിപ്പുകൾ അവാർഡിന് പരിഗണിക്കില്ല. പുസ്തകത്തിന്റെ നാലു പ്രതികൾ വീതം  ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 34 (മൊബൈൽ നം. 8547971483) എന്ന വിലാസത്തിൽ സെപ്റ്റംബർ 12 ന് മുമ്പ് ലഭിക്കണം.


 

click me!