ജനറൽ നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷിക്കാം; അവസാന തീയതി ഓ​ഗസ്റ്റ് 27

By Web TeamFirst Published Aug 14, 2020, 9:47 AM IST
Highlights

അപേക്ഷകൾ അതത് ജില്ലയിലെ നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പലിന് 27ന് വൈകിട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം അയക്കണം.

തിരുവനന്തപുരം: ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നഴ്‌സിംഗ് സ്‌കൂളുകളിലും ഒക്‌ടോബറിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ വിജയിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ്സ് മാർക്ക് മതി. സയൻസ് വിഷയങ്ങളിൽ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും.

14 ജില്ലകളിലായി ആകെ 365 സീറ്റുകളാണുള്ളത്.  ഇതിൽ 20 ശതമാനം സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.  അപേക്ഷകർക്ക് 2020 ഡിസംബർ 31ന് 17 വയസ്സിൽ കുറയാനോ 27 വയസ്സിൽ കൂടാനോ പാടില്ല. പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് മൂന്നു വയസ്സും പട്ടികജാതി/ പട്ടികവർഗക്കാർക്ക് അഞ്ച് വയസ്സും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.  

അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhskerala.gov.in ൽ ലഭിക്കും.  അപേക്ഷാഫീസ് പട്ടികജാതി/വർഗക്കാർക്ക് 75 രൂപയും മറ്റുവിഭാഗത്തിന് 250 രൂപയുമാണ്. അപേക്ഷകൾ അതത് ജില്ലയിലെ നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പലിന് 27ന് വൈകിട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം അയക്കണം.
വിശദവിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസ്, നഴ്‌സിംഗ് സ്‌കൂളുകൾ എന്നിവിടങ്ങളിൽ പ്രവൃത്തിദിനങ്ങളിൽ ലഭിക്കും.

click me!