പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരാണോ? തുടര്‍ പഠനത്തിൽ ആശങ്ക വേണ്ട ഇടുക്കിയിൽ 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്'

Published : Jun 14, 2025, 10:17 PM ISTUpdated : Jun 14, 2025, 10:18 PM IST
SSLC exam

Synopsis

സാമ്പത്തിക പ്രയാസങ്ങള്‍ മൂലം ഉന്നതപഠനം മുടങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകാന്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്' പദ്ധതി. 

ഇടുക്കി: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയിട്ടും സാമ്പത്തിക പ്രയാസങ്ങള്‍ മൂലം തുടര്‍ന്ന് പഠിക്കാനുള്ള ആഗ്രഹം മനസ്സിലൊതുക്കേണ്ടി വരുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകാന്‍ 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്' (Pursuit of Happiness) പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം.

വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള കോഴ്സുകള്‍ തിരഞ്ഞെടുത്ത് ഉന്നത പഠനം നടത്താന്‍ പദ്ധതി അവസരമൊരുക്കുന്നു. ഒരു വിദ്യാര്‍ഥിയുടെയും പഠന സ്വപ്നങ്ങള്‍ സാമ്പത്തിക ബാധ്യത കാരണം മുടങ്ങില്ലെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി പറഞ്ഞു. സാമ്പത്തികപ്രയാസം നേരിടുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പദ്ധതിയില്‍ സ്പോണ്‍സര്‍മാരായി അണിചേരാം.

എങ്ങനെ അപേക്ഷിക്കാം

സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് idukki.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. ലഭിക്കുന്ന അപേക്ഷകള്‍ അതത് വില്ലേജ് ഓഫീസര്‍മാര്‍ വഴി വിശദമായ അര്‍ഹതാ പരിശോധനയ്ക്ക് വിധേയമാക്കും. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും കളക്ടര്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. സുതാര്യവും കാര്യക്ഷമവുമായ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അര്‍ഹതയുള്ളവര്‍ക്ക് സഹായം ഉറപ്പാക്കും.

സ്പോണ്‍സര്‍മാരാകാന്‍ സുവര്‍ണാവസരം

സന്മനസ്സുള്ളവരെ ഈ പദ്ധതിയിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നത് വിദ്യാര്‍ഥികളുടെ സ്പോണ്‍സര്‍മാരായാണ്. സാമ്പത്തിക സഹായം നല്‍കാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ക്ക് ഇതേ വെബ്സൈറ്റിലൂടെ തന്നെ അപേക്ഷ നല്‍കാം. തുടര്‍ന്ന് സ്പോണ്‍സര്‍മാരാകാന്‍ താല്‍പ്പര്യമറിയിച്ചവരെ ജില്ലാ ഭരണകൂടം ബന്ധപ്പെടും. തിരഞ്ഞെടക്കുന്ന സ്പോണ്‍സര്‍മാര്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ടോ ഔദ്യോഗിക ഇമെയില്‍ വഴിയോ സമ്മതപത്രം സമര്‍പ്പിക്കണം. സ്പോണ്‍സര്‍മാരും വിദ്യാര്‍ഥികളും തമ്മിലുള്ള ഏകോപനം കളക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും നടക്കുക.

വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ മേധാവികളുമായി ജില്ലാ ഭരണകൂടം ബന്ധപ്പെടുകയും, കോഴ്സ് ഫീസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്പോണ്‍സര്‍മാരെ അറിയിക്കുകയും ചെയ്യും. തുടര്‍ന്ന്, കളക്ടര്‍, സ്പോണ്‍സര്‍, സ്ഥാപനമേധാവി, വിദ്യാര്‍ഥി എന്നിവര്‍ ചേര്‍ന്ന് ഒരു ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുറക്കും. ഈ അക്കൗണ്ടിലൂടെയായിരിക്കും സ്പോണ്‍സര്‍ ചെയ്യുന്ന തുക കൈമാറ്റം ചെയ്യപ്പെടുന്നത്. ഇത് പണമിടപാടുകളില്‍ പൂര്‍ണ്ണമായ സുതാര്യത ഉറപ്പാക്കുന്നു.

ഇടുക്കിയിലെ വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് താങ്ങും തണലുമാകാന്‍ ഈ ഉദ്യമത്തില്‍ പങ്കുചേരണമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അഭ്യര്‍ത്ഥിച്ചു. 'പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്‌' ഒരു പദ്ധതി മാത്രമല്ല, അത് നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഒരു പ്രതീക്ഷയാണ്, ഒരു ഊര്‍ജ്ജമാണ്, ഒരു പുത്തന്‍ ജീവിതമാണ്. ഈ സംരംഭത്തില്‍ പങ്കാളികളായി ഇടുക്കിയുടെ വിദ്യാഭ്യാസ ഭാവിയെ ശോഭനമാക്കാം, കളക്ടര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് idukki.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു