
ദില്ലി: കേന്ദ്ര സർവകലാശാലകളുടെ (central universities) പൊതു പ്രവേശന പരീക്ഷ (common entrance test) (സിയുസിഇടി) ഒന്നിലധികം ഭാഷകളിൽ (multiple languages) നടത്താൻ തീരുമാനം. ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, തമിഴ്, തെലുങ്ക്, ഉറുദു, പഞ്ചാബി. എന്നീ 12 ഷെഡ്യൂൾഡ് ഭാഷകളിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) CUCET നടത്തുമെന്ന് രാജ്യസഭയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ രേഖാമൂലം അറിയിച്ചു. മെഡിക്കൽ പ്രവേശനം- നീറ്റ് (യുജി), എഞ്ചിനീയറിംഗ് എൻട്രൻസ്- ജെഇഇ (മെയിൻ) 2021, ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷ (എഐഎസ്എസ്ഇഇ) 2021 എന്നിവ ഈ ഷെഡ്യൂൾ ചെയ്‌ത ഭാഷകളിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇതിനകം നടത്തിയിട്ടുണ്ട്. നീറ്റ് (യുജി)യിലെ ചോദ്യപേപ്പറുകളുടെ വിവർത്തനം 12 ഷെഡ്യൂൾ ചെയ്ത ഭാഷകളിലേക്ക് ശരിയായ രീതിയിൽ വിവർത്തനം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലുടനീളമുള്ള 12 കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനായിട്ടാണ് സെൻട്രൽ യൂണിവേഴ്സിറ്റീസ് കോമൺ എൻട്രൻസ് ടെസ്റ്റ് അഥവാ CUCET നടത്തുന്നത്. ഈ സർവ്വകലാശാലകൾ അസം യൂണിവേഴ്സിറ്റി സിൽചാർ, ആന്ധ്രാപ്രദേശ് കേന്ദ്ര സർവകലാശാല, ഗുജറാത്ത് കേന്ദ്ര സർവകലാശാല,, ഹരിയാന കേന്ദ്ര സർവകലാശാല, ജമ്മു കേന്ദ്ര സർവകലാശാല, ജാർഖണ്ഡ് കേന്ദ്ര സർവകലാശാല, കർണാടക കേന്ദ്ര സർവകലാശാല, കേരള കേന്ദ്ര സർവകലാശാല, പഞ്ചാബ് കേന്ദ്ര സർവകലാശാല, രാജസ്ഥാൻ കേന്ദ്ര സർവകലാശാല, സൗത്ത് ബീഹാറിലെ കേന്ദ്ര സർവകലാശാലയും തമിഴ്‌നാട്ടിലെ കേന്ദ്ര സർവകലാശാല എന്നിവയാണ് ഈ സർവ്വകലാശാലകൾ.