CH Mohammed Koya Scholarship : ന്യൂനപക്ഷ ക്ഷേമവകുപ്പ് സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്; ജനുവരി 20 വരെ

By Web TeamFirst Published Dec 28, 2021, 3:01 PM IST
Highlights

ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാത്തവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം.

തിരുവനന്തപുരം: സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന (minority community) ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥിനികൾക്ക് ജനസംഖ്യാനുപാതികമായി 2021-22 അദ്ധ്യയന വർഷത്തേക്ക് (CH Mohammed Koya Scholarship) സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപന്റ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ്. ബിരുദത്തിന് പഠിക്കുന്നവർക്ക് 5,000 രൂപയും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവർക്ക് 6,000 രൂപയും, പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്നവർക്ക് 7,000 രൂപയും ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപയും വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ്. മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച് സ്വാശ്രയ മെഡിക്കൽ/ എൻജിനിയറിങ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. 

ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാത്തവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയരുത് (ബി.പി.എൽകാർക്ക് മുൻഗണന). അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജനുവരി 20. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.


 

click me!