
ഇന്ത്യയിൽ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായാണ് യുപിഎസ്‌സി പരീക്ഷ കണക്കാക്കപ്പെടുന്നത്. ഈ പരീക്ഷ വിജയകരമായി പാസാകുന്നവര്‍ക്ക് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആർഎസ് പോലെയുള്ള അഭിമാനകരമായ സർക്കാർ ജോലികളിൽ പ്രവേശിക്കാൻ സാധിക്കും. വര്‍ഷങ്ങൾ നീണ്ടുനിൽക്കുന്ന പരിശ്രമങ്ങൾക്കൊടുവിലാണ് പലര്‍ക്കും യുപിഎസ്‌സി പരീക്ഷ പാസാകാൻ കഴിയാറുള്ളത്. എന്നാൽ, ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പരീക്ഷ പാസായ ചുരുക്കം ചില ഉദ്യോഗാർത്ഥികളിൽ ഒരാളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഐഎഎസ് ഉദ്യോഗസ്ഥൻ ധീരജ് കുമാർ സിംഗിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ എല്ലാവര്‍ക്കും പ്രചോദനമാകുന്ന ഒന്നാണ്.
എംബിബിഎസും എംഡിയും പൂർത്തിയാക്കിയ ശേഷമാണ് ധീരജ് കുമാര്‍ സിംഗ് സിവിൽ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഇതിനായി പ്രതിമാസം ലക്ഷങ്ങൾ ശമ്പളമുള്ള ജോലി പോലും അദ്ദേഹം നിരസിച്ചു. പഠിക്കുന്ന സമയത്ത് മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ധീരജ് കുമാര്‍ സിംഗ്. പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയ ശേഷം, ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് എംബിബിഎസ് ബിരുദം നേടി, പിന്നീട് അതേ സ്ഥാപനത്തിൽ നിന്ന് എംഡി ബിരുദം പൂർത്തിയാക്കി.
ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയാണ് ധീരജ് കുമാര്‍ സിംഗ്. ധീരജിന്റെ അച്ഛൻ മറ്റൊരു നഗരത്തിലാണ് ജോലി ചെയ്തിരുന്നത്. ഈ സമയത്ത് അമ്മയ്ക്ക് ആരോഗ്യപരമായ ചില പ്രശ്നങ്ങളുണ്ടായത് കാരണം ധീരജിന് പഠനം പകുതി വഴിയിൽ നിര്‍ത്തി തന്‍റെ ഗ്രാമത്തിലേക്ക് മടങ്ങേണ്ടിവന്നു. പിതാവിനെ സ്വന്തം നാട്ടിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥരോട് പല തവണ അഭ്യർത്ഥിച്ചിട്ടും ആരും അത് ചെവിക്കൊണ്ടില്ല. ഇതോടെയാണ് സിവിൽ സർവീസിൽ ചേരണമെന്ന് ധീരജ് കുമാര്‍ തീരുമാനിച്ചത്.
ധീരജിനും കുടുംബത്തിനും സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. ഈ സമയത്ത് യുപിഎസ്‌സി പരീക്ഷ എഴുതാനുള്ള തീരുമാനം അദ്ദേഹം കുടുംബത്തെ അറിയിച്ചു. എന്നാൽ, എല്ലാവരും അദ്ദേഹത്തെ എതിർക്കുകയാണുണ്ടായത്. എന്നിരുന്നാലും, അദ്ദേഹം തന്‍റെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു. സിവിൽ സർവീസ് എന്ന സ്വപ്നത്തിനായി ധീരജ് പ്രതിമാസം 5 ലക്ഷം രൂപയുടെ ജോബ് ഓഫര്‍ പോലും മടിയില്ലാതെ നിരസിച്ചു.
ഒറ്റ തവണ മാത്രമേ യുപിഎസ്‌സി പരീക്ഷ എഴുതുകയുള്ളൂ എന്ന് ധീരജ് കുമാർ സിംഗ് സ്വയം തീരുമാനമെടുത്തു. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടാൽ മെഡിക്കൽ കരിയറിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം ഉറപ്പിച്ചു. ഒടുവിൽ രാപ്പകലില്ലാതെ നടത്തിയ അദ്ദേഹത്തിന്റെ കഠിനാധ്വാനം ഫലം കണ്ടു. 2019 ലെ യുപിഎസ്‌സി സിഎസ്‌ഇ പരീക്ഷയിൽ 64-ാം റാങ്ക് നേടി ധീരജ് ഒരു ഐഎഎസ് ഉദ്യോഗസ്ഥനായി.
മെയിൻ പരീക്ഷയിൽ 853 മാർക്കും ഇന്റര്‍വ്യൂ റൗണ്ടിൽ 154 മാർക്കുമാണ് ധീരജ് നേടിയത്. മൊത്തത്തിൽ, അദ്ദേഹത്തിന് 1007 മാർക്ക് നേടാൻ സാധിച്ചു. നിലവിൽ, രാജസ്ഥാനിലെ ജയ്പൂരിലുശ്ശ പേഴ്‌സണൽ വകുപ്പിൽ (എ -1) ഗവൺമെന്റ് ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് ധീരജ് കുമാര്‍ സിംഗ്.