ഡി.എൽ.എഡ്. കോഴ്‌സുകളുടെ സെമസ്റ്റർ അക്കാദമിക കലണ്ടർ പുനക്രമീകരിക്കാൻ നിർദേശം

By Web TeamFirst Published Sep 23, 2022, 3:38 PM IST
Highlights

ഡി.എൽ.എഡിന് പഠിക്കുന്ന കുട്ടികൾക്ക് മറ്റു ബിരുദ കോഴ്‌സുകൾക്ക് ചേരാൻ റ്റി.സി. ലഭ്യമാക്കാനാണ് സെമസ്റ്റർ അക്കാദമിക കലണ്ടർ പുനക്രമീകരിക്കുന്നത്.

തിരുവനന്തപുരം: ഡി.എൽ.എഡ്. കോഴ്‌സുകളുടെ സെമസ്റ്റർ അക്കാദമിക കലണ്ടർ പുനക്രമീകരിക്കാൻ  പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. ഡി.എൽ.എഡിന് പഠിക്കുന്ന കുട്ടികൾക്ക് മറ്റു ബിരുദ കോഴ്‌സുകൾക്ക് ചേരാൻ റ്റി.സി. ലഭ്യമാക്കാനാണ് സെമസ്റ്റർ അക്കാദമിക കലണ്ടർ പുനക്രമീകരിക്കുന്നത്.

എൻ.സി.റ്റി.ഇ.2014 ചട്ടങ്ങൾക്ക് അനുസൃതമായി പരിഷ്‌കരിച്ച് സംസ്ഥാനത്ത് നടപ്പിലാക്കിയ ഡി.എൽ.എഡ്. കോഴ്‌സിന് 100 പ്രവൃത്തി ദിനങ്ങൾ ഉൾപ്പെടുന്ന 4 സെമസ്റ്ററുകൾ ആണുള്ളത്. ഇതിൽ 100 ദിനങ്ങൾ ഇന്റേഷിപ്പിനായി നീക്കി വെച്ചിട്ടുണ്ട്. നിലവിലെ നാലാമത്തെ സെമസ്റ്റർ ഡി.എൽ.എഡ്. കോഴ്‌സിന് 45 ദിവസത്തെ ഇന്റേഷിപ്പാണ് വിഭാവനം ചെയ്തിട്ടുള്ളത്.

പ്രസ്തുത സെമസ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി എസ്.സി.ഇ.ആർ.ടി. അക്കാദമിക കലണ്ടർ തയ്യാറാക്കി സംസ്ഥാനത്ത് ഡയറക്ടർ മുഖാന്തിരം എല്ലാ ഐ.റ്റി.ഇ. കൾക്കും നൽകിയിട്ടുണ്ട്. പ്രസ്തുത കലണ്ടർ പ്രകാരം ജൂൺ 1 നാണ് നാലാം സെമസ്റ്റർ ആരംഭിച്ചത്. 45 ദിവസം കാലാവധിയുള്ള ഇന്റേൺഷിപ്പ് 2022 സെപ്തംബർ 30 ന് അവസാനിപ്പിക്കണം. അതിനുശേഷം നടക്കാറുള്ള സെമസ്റ്ററാന്ത്യ പരീക്ഷകൾ നിരന്തര മൂല്യനിർണ്ണയത്തിന്റെ ഭാഗമായി സ്ഥാപനങ്ങളിൽ തന്നെ നടത്തുന്നവയാണ്. തുടർന്ന് വരുന്ന ജില്ലാതല പരീക്ഷ ബോർഡ് സന്ദർശനം, പൊതു  പരീക്ഷകൾ എന്നിവയെല്ലാം സെപ്തംബർ 30 ന് നാലാം സെമസ്റ്ററിലെ അധ്യാപക - വിദ്യാർത്ഥികൾക്ക് ടി.സി. നൽകിയതിന് ശേഷം നടത്താനാണ് നിർദേശം.

സ്പോട്ട് അലോട്ട്മെന്റ്
സർക്കാർ/ സ്വാശ്രയ കോളേജുകളിൽ   ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള  അവസാന ഘട്ട സ്പോട്ട് അലോട്ട്മെന്റ് സെപ്റ്റംബർ 27 ന് നടക്കും. തിരുവനന്തപുരം പാളയത്തുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഹെഡ് ഓഫീസിൽ  രാവിലെ 10 മണി മുതൽ 11 മണി വരെയാണ് രജിസ്ട്രേഷൻ. അന്നേ ദിവസം രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ സ്പോട്ട് അലോട്ട്മെന്റിന് പരിഗണിക്കുകയുള്ളൂ.  രജിസ്റ്റർ ചെയ്യുന്നവരുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ തുടർന്ന് അലോട്ട്മെന്റ് നടത്തും. അലോട്ട്മെന്റ് ലഭിച്ചവർ അന്നേദിവസം ടോക്കൺ ഫീസ് അടയ്ക്കണം. സെപ്റ്റംബർ 29, നാല്  മണിക്ക് മുൻപായി അതതു കോളേജുകളിൽ പ്രവേശനം നേടണമെന്നും  ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
 

click me!