സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന വനിതയ്ക്ക് ദാക്ഷായണി വേലായുധൻ പുരസ്‌കാരം

By Web TeamFirst Published Jan 26, 2021, 10:32 AM IST
Highlights

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. 2021ലെ അന്താരാഷ്ട്ര വനിത ദിനത്തിൽ ഈ പുരസ്‌കാരം നൽകും.

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിനും പാർശ്വവത്കൃതരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു വനിതയ്ക്ക് ദാക്ഷായണി വേലായുധന്റെ പേരിൽ വാർഷിക അവാർഡ് നൽകുന്നതിന് ഭരണാനുമതി നൽകി ഉത്തരവായതായി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. 2021ലെ അന്താരാഷ്ട്ര വനിത ദിനത്തിൽ ഈ പുരസ്‌കാരം നൽകും.

പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ജില്ലാതലത്തിൽ ജില്ലാ വനിത ശിശുവികസന ഓഫീസുകളിലാണ് സ്വീകരിക്കുന്നത്. ലഭ്യമായ അപേക്ഷകൾ കളക്ടർ അധ്യക്ഷനായിട്ടുള്ള ജില്ലാ സെലക്ഷൻ കമ്മിറ്റി പരിശോധിക്കും. ജില്ലാ വനിത ശിശു വികസന ഓഫീസർ കൺവീനറായ കമ്മിറ്റിയിൽ ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ കളക്ടർ നോമിനേറ്റ് ചെയ്യുന്ന രണ്ട് സന്നദ്ധ സംഘടന പ്രതിനിധികൾ, ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ എന്നിവർ അംഗങ്ങളായിരിക്കും.

അപേക്ഷ പരിശോധിച്ച് ശുപാർശ ചെയ്യുന്ന നാമനിർദ്ദേശങ്ങൾ വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ് മുഖേന സർക്കാരിലേക്ക് സമർപ്പിക്കും. 14 ജില്ലകളിൽ നിന്നും ലഭിക്കുന്ന നോമിനേഷനുകൾ സർക്കാർ തലത്തിൽ രൂപീകരിക്കുന്ന ജെൻഡർ അഡൈ്വസറുടെ നേതൃത്വത്തിലുള്ള അവാർഡ് സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കും. അർഹമായ അപേക്ഷകൾ ലഭിക്കാത്തപക്ഷം സംസ്ഥാനതല സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നോമിനേഷനുകൾ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി ശുപാർശ ചെയ്യാം. അപേക്ഷക ജിവിച്ചിരിക്കുന്ന ആളായിരിക്കണം, കഴിഞ്ഞ അഞ്ച് വർഷമെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരാകണം, ഏറെ ബുദ്ധിമുട്ടി ജിവിത സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാർജിച്ച വനിതകൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വനിതകൾക്കും മുൻഗണന നൽകും.


 

click me!