'സന്തോഷിക്കാന്‍' പഠിപ്പിക്കുന്ന കോഴ്‍സുമായി യുപിയിലെ സര്‍വ്വകലാശാല

By Web TeamFirst Published Feb 29, 2020, 12:17 PM IST
Highlights

പുതിയ അധ്യയന വർഷത്തിൽ എംഎഡ് പാഠ്യപദ്ധതിയിൽ 'എഡ്യൂക്കേഷൻ ഫോർ ഹാപ്പിനെസ്' കോഴ്‌സ് കൂടി ഉൾപ്പെടുത്താൻ ലക്‌നൗ സർവകലാശാല ഒരുങ്ങുകയാണെന്ന് യൂണിവേഴ്‌സിറ്റി വക്താവ് ദുർഗേഷ് കുമാർ പറഞ്ഞു. ഏത് സാഹചര്യത്തിലും സന്തുഷ്ടരായിരിക്കാൻ  ഈ പുതിയ കോഴ്‌സിലൂടെ വിദ്യാർത്ഥികളെ പഠിപ്പിക്കും.


ലക്നൗ: എപ്പോഴും സന്തോഷമുളളവരായിരിക്കുക എന്ന കാര്യം പ്രായോഗികമല്ല. കാരണം ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ നിരവധി സാഹചര്യങ്ങളെ നേരിടേണ്ടി വരും. എന്നാൽ ജീവിതത്തിലെ ഏത് സാഹചര്യങ്ങളെയും സന്തോഷത്തോടെ നേരിടാൻ ആളുകളെ പ്രാപ്തരാക്കാൻ ഒരു കോഴ്സ് ആരംഭിക്കാനൊരുങ്ങുകയാണ് ലക്നൗ സർവ്വകലാശാല. പുതിയ അധ്യയന വർഷത്തിൽ എംഎഡ് പാഠ്യപദ്ധതിയിൽ 'എഡ്യൂക്കേഷൻ ഫോർ ഹാപ്പിനെസ്' കോഴ്‌സ് കൂടി ഉൾപ്പെടുത്താൻ ലക്‌നൗ സർവകലാശാല ഒരുങ്ങുകയാണെന്ന് യൂണിവേഴ്‌സിറ്റി വക്താവ് ദുർഗേഷ് കുമാർ പറഞ്ഞു. ഏത് സാഹചര്യത്തിലും സന്തുഷ്ടരായിരിക്കാൻ  ഈ പുതിയ കോഴ്‌സിലൂടെ വിദ്യാർത്ഥികളെ പഠിപ്പിക്കും.

വിദ്യാഭ്യാസ വകുപ്പിലെ അമിത ബാജ്‌പായ് പറഞ്ഞു: “ഇതൊരു ഇന്റർ ഡിപ്പാർട്ട്മെന്റൽ കോഴ്‌സാണ്. സയൻസ്, എം.കോം വിദ്യാർത്ഥികൾക്കും ഈ കോഴ്‌സ് പഠിക്കാം. അടുത്ത അധ്യയന വർഷത്തിൽ എം.എഡിന്റെ മൂന്ന് നാല് സെമസ്റ്ററുകളിൽ ഈ കോഴ്‌സ് ഉൾപ്പെടുത്തും. 'ഹാപ്പിനെസ് കോഴ്സിന് പ്രധാനമായും അഞ്ച്  യൂണിറ്റുകളുണ്ടാകും. സന്തോഷവുമായി ബന്ധപ്പെട്ട നിരവധി മേഖലകളെയാണ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. എന്താണ് സന്തോഷം എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുകയാണ് ഈ കോഴ്സിന്റെ പ്രധാന ലക്ഷ്യം. സിലബസിൽ ഫിലോസഫിയും ​ഗീതയും ഉൾപ്പെടുത്തും.' അമിത ബാജ്പേയ് വ്യക്തമാക്കി.

നിലവിൽ ഓപ്ഷണൽ കോഴ്സാണിത്. എന്നാൽ പരീക്ഷ ഉണ്ടായിരിക്കും. ഫാക്കൽറ്റി അം​ഗങ്ങളുടെ അം​ഗീകാരം ലഭിച്ചതിന് ശേഷം പാഠ്യപദ്ധതി അക്കാദമി കൗൺസിലിലേക്ക് അയക്കും. കൂടുതൽ പേർ പഠിക്കാനെത്തുകയാണെങ്കിൽ ഡിപ്ലോമ, ബിരുദ കോഴ്സുകളും ആരംഭിക്കാൻ ആലോചിക്കുന്നതായും സർവ്വകലാശാല അധികൃതർ വ്യക്തമാക്കി. 

click me!