അധ്യാപകരില്ല, ട്യൂഷനില്ല, ചേരിയിലെ ഒറ്റമുറിവീട്ടിൽ താമസം; സിബിഎസ് ഇ പരീക്ഷയിൽ 96 ശതമാനം മാർക്കുമായി ഫസിയ

Web Desk   | Asianet News
Published : Jul 28, 2020, 02:26 PM IST
അധ്യാപകരില്ല, ട്യൂഷനില്ല, ചേരിയിലെ ഒറ്റമുറിവീട്ടിൽ താമസം; സിബിഎസ് ഇ പരീക്ഷയിൽ 96 ശതമാനം മാർക്കുമായി ഫസിയ

Synopsis

എല്ലാ ദിവസവും പുലർച്ചെ എഴുന്നേറ്റ് വീട്ടു ജോലിയും തുന്നൽജോലിയും കഴിഞ്ഞാണ് ഫസിയ പഠിക്കാനിരിക്കുന്നത്. തുന്നൽജോലി ചെയ്താണ് ഫസിയ പഠിക്കാനുള്ള തുകയും കുടുംബം പോറ്റാനുള്ള തുകയും സമ്പാദിക്കുന്നത്. 

ദില്ലി: അമ്മയും മൂന്നു സഹോദരിമാരും സഹോദരനുമുൾപ്പെടുന്ന ഫസിയയുടെ കുടുംബം താമസിക്കുന്നത് ചേരിയിലെ ഒറ്റമുറി വീട്ടിലാണ്. നിന്നു തിരിയാൻ പോലും ഇടമില്ലാത്ത ഈ വീട്ടിലിരുന്ന് പഠിച്ചാണ് ഫസിയ ഇക്കഴിഞ്ഞ സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയിൽ 96 ശതമാനം മാർക്കുമായി മിന്നുന്ന വിജയം നേടിയത്. ദില്ലിയിലെ സീലംപൂരിലാണ് ഈ കുടുംബം. എല്ലാ ദിവസവും പുലർച്ചെ എഴുന്നേറ്റ് വീട്ടു ജോലിയും തുന്നൽജോലിയും കഴിഞ്ഞാണ് ഫസിയ പഠിക്കാനിരിക്കുന്നത്. തുന്നൽജോലി ചെയ്താണ് ഫസിയ പഠിക്കാനുള്ള തുകയും കുടുംബം പോറ്റാനുള്ള തുകയും സമ്പാദിക്കുന്നത്. 

അധ്യാപകരില്ലാതെ, ട്യൂഷന് പോകാതെയാണ് ഫസിയ ഈ വിജയം കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. വീട്ടിലെ ഉത്തരവാദിത്വങ്ങളും പഠനവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ വളരെയധികം ബുദ്ധിമുട്ടിയിരുന്നു എന്ന് എഎൻഐയോട് സംസാരിക്കവേ ഫസിയ പറഞ്ഞു. എല്ലായ്പ്പോഴും ശബ്ദവും ബഹളവും നിറഞ്ഞ അന്തരീക്ഷമാണ് ഈ പെൺകുട്ടി താമസിക്കുന്ന ചേരിയിലേത്. അതുകൊണ്ട് രാത്രിയിലിരുന്നാണ് പഠനം. പന്ത്രണ്ടാം ക്ലാസിലേക്ക് എത്തിയപ്പോൾ ആശങ്കയായിരുന്നു. എനിക്ക് അധ്യാപകരായി ആരും ഉണ്ടായിരുന്നില്ല. അതുപോലെ ട്യൂഷനും ഇല്ലായിരുന്നു. വീട്ടിലെ കാര്യങ്ങളും പഠനവും ഒരുമിച്ച് കൊണ്ടുപോകേണ്ട അവസ്ഥയായിരുന്നു. ഫസിയ പറയുന്നു.  

ആശാ സൊസൈറ്റി എന്ന എൻജിഒ ആണ് ഫസിയയ്ക്ക് പഠിക്കാനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കി കൊടുത്തത്. മോക്ക് ടെസ്റ്റുകളും പരീക്ഷ മാതൃക പേപ്പറുകളും ഫസിയയ്ക്ക് എത്തിച്ചു കൊടുത്തത് ഇവരാണ്. കാൻസർ രോ​ഗത്തോട് പൊരുതുകയാണ് ഫസിയയുടെ അമ്മ. സഹോദരൻ ദിവസ വേതന തൊഴിലാളിയാണ്. ഫസിയ കൂടി അധ്വാനിച്ചാണ് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു സൽവാർ‌ തയ്ച്ചു കൊടുത്താൽ 120 രൂപ ലഭിക്കും. അങ്ങനെ മാസത്തിൽ 2500 രൂപ വരെ സമ്പാദിക്കാൻ സാധിക്കുമെന്ന് ഫസിയ പറയുന്നു. 

ജോ​ഗ്രഫി അധ്യാപികയാകാനാണ് ഫസിയയുടെ ആ​ഗ്രഹം. ദില്ലിക്ക് പുറത്തുള്ള ഒരു സ്ഥലം പോലും ഇതുവരെ കണ്ടിട്ടില്ല. ഭൂമിശാസ്ത്രം പഠിക്കണം. ഭൂപ്രകൃതിയെക്കുറച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കണം. സാധിച്ചാൽ ദില്ലിക്ക് പുറത്ത് യാത്ര പോകണം. പ്രത്യേകിച്ച് സിക്കിമിലേക്ക്. ഇതൊക്കെയാണ് ഫസിയയുടെ ആ​ഗ്രഹങ്ങൾ. 

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു