അവസാനവർഷ ബിരുദബിരുദാനന്തര ക്ലാസുകൾ ഒക്ടോബർ 4 മുതൽ; വാക്സീൻ നിർബന്ധം; മറ്റ് നിർദ്ദേശങ്ങൾ ഇവയാണ്...

By Web TeamFirst Published Sep 8, 2021, 10:48 AM IST
Highlights

വിദ്യാർത്ഥികളും അധ്യാപകരും അതുപോലെ ഓഫീസ് ജീവനക്കാരും നിർബന്ധമായും ഒരു ഡോസ് വാക്സീനെടുത്തിരിക്കണം. ഇതിനകം തന്നെ എംബിബിഎസ് അടക്കമുള്ള അവസാന വർഷ കോഴ്സുകൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: വലിയൊരു ഇടവേളക്ക് ശേഷം അവസാന വർഷ ബിരുദ ബിരുദാനന്തര ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ച് കേരളം.  സംസ്ഥാനം തുറക്കുമ്പോൾ സർക്കാരെടുത്ത ഏറ്റവും സുപ്രധാനമായ തീരുമാനം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ പോകുന്നു എന്നുള്ളതാണ്. വലിയൊരു ഇടവേളക്ക് ശേഷമാണ് ഓഫ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്. ബിരുദ ബിരുദാന്തര കോഴ്സുകളിൽ അവസാന വർഷ ക്ലാസുകാർക്കാണ് ഒക്ടോബർ 4 മുതൽ ഓഫ്‍ലൈൻ ക്ലാസുകൾ തുടങ്ങുന്നത്.

അതിൽ ആർട്സ് ആന്റ് സയൻസ് കോളേജുകൾ ഉൾപ്പെടും. മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പോളിടെക്നിക്കുകളും ഉൾപ്പെടയുള്ള വി​ദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഓഫ്‍ലൈൻ ക്ലാസുകൾ ആരംഭിക്കാൻ പോകുന്നത്. വിദ്യാർത്ഥികളും അധ്യാപകരും അതുപോലെ ഓഫീസ് ജീവനക്കാരും നിർബന്ധമായും ഒരു ഡോസ് വാക്സീനെടുത്തിരിക്കണം. ഇതിനകം തന്നെ എംബിബിഎസ് അടക്കമുള്ള അവസാന വർഷ കോഴ്സുകൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. 

കെടിയു എ‍ഞ്ചിനീയറിം​ഗ് അവസാന വർഷ ക്ലാസുകൾ തുടങ്ങാൻ തീരുമാനമെടുത്തിരുന്നുവെങ്കിലും പിന്നീട് അത് മാറ്റിവെച്ചു. അടുത്ത ഘട്ടത്തിൽ തുറക്കാൻ പോകുന്നത് റെസിഡെൻഷ്യൽ സ്ഥാപനങ്ങളാണ്. അതിൽ പ്രധാനമായും ഐസറാണ്. ഐസർ ഇതിനകം തന്നെ ക്ലാസുകൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഐഐഎം, എൻഐടി, ഐഐഎസ്‍റ്റി, ഐഐടി എന്നീ സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ തൊട്ടടുത്ത ഹോസ്റ്റലുകളിലോ ക്യാംപസിലോ മറ്റോ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളും ഓഫ്‍ലൈൻ ക്ലാസുകൾ തുടങ്ങാനുള്ള അനുമതിയാണ് സർക്കാർ നൽകുന്നത്.  എന്നാൽ ഒരു ബയോബബിൾ ഉണ്ടാകണം. 

പുറത്തേക്കോ അകത്തേക്കോ ആരും തന്നെ പ്രവേശിക്കാൻ പാടില്ല എന്നാണ് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. ഇവിടെയും ഒരു ഡോസ് വാക്സീൻ നിർബന്ധമായും സ്വീകരിക്കണം. ഈ രീതിയിലാണ് കേരളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്കൂളുകൾ എപ്പോൾ തുറക്കും എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇക്കാര്യത്തിൽ സർക്കാർ അന്തിമമായ തീരുമാനം എടുത്തിട്ടില്ല. പ്രധാനമായും പ്ലസ് വൺ പരീക്ഷ നടത്തിപ്പിൽ സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. 

സർക്കാർ ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കാൻ പോകുന്നതെന്ന് സുപ്രീം കോടതി അറിയിക്കും. 13ന് ഒരുപക്ഷേ സുപ്രീംകോടതിയുടെ അന്തിമവിധി വരും. പ്ലസ് വൺ പരീക്ഷ നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നശേഷം മാത്രമായിരിക്കും ഇനി സ്കൂളുകൾ തുറക്കുന്ന കാര്യത്തിലേക്ക് സർക്കാർ എത്തിച്ചേരുക. അതിന് മുമ്പ് ഒരു വിദ​ഗ്ധ സമിതിയെ പഠനത്തിനായി നിയോ​ഗിക്കും. റിപ്പോർട്ട് കിട്ടിയതിന് ശേഷമായിരിക്കും അന്തിമതീരുമാനം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!