സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി; ഭക്ഷ്യധാന്യവും എട്ടിനം ഭക്ഷ്യവസ്തുക്കളും

Web Desk   | Asianet News
Published : Nov 07, 2020, 01:54 PM IST
സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി; ഭക്ഷ്യധാന്യവും എട്ടിനം ഭക്ഷ്യവസ്തുക്കളും

Synopsis

ആദ്യഘട്ടമെന്ന നിലയിൽ പ്രീ പ്രൈമറി, പ്രൈമറി വിഭാഗം (ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെ) കുട്ടികൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്.  

തിരുവനന്തപുരം:  ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണം തുടങ്ങി. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവൻസ് എന്ന നിലയിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.  കിറ്റുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.  ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു.

ആദ്യഘട്ടമെന്ന നിലയിൽ പ്രീ പ്രൈമറി, പ്രൈമറി വിഭാഗം (ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെ) കുട്ടികൾക്കാണ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്.  തുടർന്ന് അപ്പർപ്രൈമറി വിദ്യാർഥികൾക്കുള്ള (ആറ് മുതൽ എട്ട് വരെ) ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും.  ഭക്ഷ്യധാന്യവും എട്ടിനം ഭക്ഷ്യവസ്തുക്കളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  പ്രീ പ്രൈമറി, പ്രൈമറി വിഭാഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റിൽ യഥാക്രമം രണ്ട് കിലോ, ഏഴ് കിലോ ഭക്ഷ്യധാന്യവും (അരി) 308.14 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അപ്പർപ്രൈമറി വിഭാഗക്കാർക്ക് നൽകുന്ന കിറ്റിൽ 10 കിലോ ഭക്ഷ്യധാന്യവും 461.90 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കളുമാണുള്ളത്. ചെറുപയർ, കടല, തുവര പരിപ്പ്, ഉഴുന്ന് പരിപ്പ്, ഭക്ഷ്യഎണ്ണ, മൂന്നിനം കറി പൗഡറുകൾ എന്നിവയാണ് ഭക്ഷ്യവസ്തുക്കളായി ഉൾപ്പെടുത്തിയിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി ഭക്ഷ്യകിറ്റുകൾ തയ്യാറാക്കി സ്‌കൂളുകളിൽ എത്തിക്കുന്നത് കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈക്കോ) ആണ്.  സാമൂഹിക അകലവും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സ്‌കൂളുകളിൽ രക്ഷിതാക്കൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12324 വിദ്യാലയങ്ങളിലെ 2727202 വിദ്യാർഥികൾക്ക് ഭക്ഷ്യകിറ്റിന്റെ പ്രയോജനം ലഭിക്കും.  സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് 2013ലെ ദേശീയ ഭക്ഷ്യ ഭദ്രതാ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം അർഹതപ്പെട്ട ഭക്ഷ്യഭദ്രതാ അലവൻസ് എന്ന നിലയിൽ ഭക്ഷ്യകിറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നത്.


 

PREV
click me!

Recommended Stories

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ നിയമനം
എൽ.എൽ.എം; അന്തിമ വേക്കന്‍റ് സീറ്റ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു