​ഗേറ്റ് 2021; ഫെബ്രുവരി 5 ന് ആരംഭം; പരീക്ഷ രണ്ട് ഘട്ടങ്ങളിലായി

By Web TeamFirst Published Jul 27, 2020, 3:25 PM IST
Highlights

ബിരുദതലത്തില്‍ മൂന്നാംവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും ഇത്തവണ പരീക്ഷയെഴുതാം. 

ദില്ലി: 2021-ലെ എന്‍ജിനീയറിങ് അഭിരുചി പരീക്ഷ (ഗേറ്റ് 2021) യുടെ തീയതികള്‍ പ്രഖ്യാപിച്ചു. ഐ.ഐ.ടി ബോംബെയാണ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്. ഫെബ്രുവരി അഞ്ച് മുതല്‍ ഏഴ് വരെയാണ് ഒന്നാംഘട്ടം പരീക്ഷ.  ഫെബ്രുവരി 12, 13 തീയതികളില്‍ രണ്ടാംഘട്ടവും നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ നേരിടുന്ന തടസങ്ങളെ മാനിച്ച് യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തും. 

പരീക്ഷയ്ക്ക് പുതുതായി എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്നീ രണ്ടു വിഷയങ്ങള്‍കൂടി ഉണ്ടാകും. ഇതോടെ ആകെ വിഷയങ്ങളുടെ എണ്ണം 27 ആയി ഉയരും. ബിരുദതലത്തില്‍ മൂന്നാംവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും ഇത്തവണ പരീക്ഷയെഴുതാം.

പുതിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ പഠിച്ചുവരുന്ന വിദ്യാര്‍ഥികള്‍ക്കും ഐ.ഐ.ടികളില്‍ വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാനുള്ള അവസരമൊരുങ്ങുമെന്ന് ബോംബെ ഐ.ഐ.ടി ഡയറക്ടര്‍ പ്രൊഫ. സുഭാഷ് ചൗധരി പറഞ്ഞു. 
മുന്‍കാലത്തെ അപേക്ഷിച്ച് ഇന്റര്‍ ഡിസിപ്ലിനറി പഠങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതാണ് അടുത്തതവണത്തെ ഗേറ്റ് പരീക്ഷ. കോമ്പിനേഷന്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങള്‍ക്കായി https://gate.iitb.ac.in സന്ദര്‍ശിക്കുക.
 

click me!