കൊവിഡ് ബാധ; മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം നൽകി ​ഗുജറാത്ത് സർക്കാർ

By Web TeamFirst Published Jul 8, 2021, 3:29 PM IST
Highlights

കൊവിഡ് മൂലം അനാഥരായവർക്ക് സമ്പത്തിക സഹായം നൽകാനുള്ള ​ഗുജറാത്ത് സർക്കാരിന്റെ പദ്ധതിയായ ബാൽസേവ യോജന പ്രകാരം മാതാവിനെയും പിതാവിനെയും നഷ്ടപ്പെട്ട 776 കുട്ടികൾക്ക് 4000 രൂപ വീതം ആദ്യപ്രതിമാസ ​ഗഡുവായി നൽകിയെന്ന് പ്രസ്താവനയിൽ പറയുന്നു. 


​ഗുജറാത്ത്: സംസ്ഥാനത്ത് കൊവിഡ് രോ​ഗബാധ മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ എഴുന്നൂറിലധികം കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകിയതായി ഗുജറാത്ത് സർക്കാർ. പ്രതിമാസം 4000 രൂപ വീതം ഈ കുട്ടികൾക്ക് നൽകിയതായി ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. കൊവിഡ് മൂലം അനാഥരായവർക്ക് സമ്പത്തിക സഹായം നൽകാനുള്ള ​ഗുജറാത്ത് സർക്കാരിന്റെ പദ്ധതിയായ ബാൽസേവ യോജന പ്രകാരം മാതാവിനെയും പിതാവിനെയും നഷ്ടപ്പെട്ട 776 കുട്ടികൾക്ക് 4000 രൂപ വീതം ആദ്യപ്രതിമാസ ​ഗഡുവായി നൽകിയെന്ന് പ്രസ്താവനയിൽ പറയുന്നു. 

കൊറോണ വൈറസ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ മെയ് 31ന് ഈ പദ്ധതി പ്രഖ്യാപിച്ചത്. 776 കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിൽ 4000 രൂപ വീതം നിക്ഷേപിച്ചു. ആകെ 31.04 ലക്ഷം രൂപ നിക്ഷേപിച്ചതായി സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു. 

സംസ്ഥാനത്ത് ഇത്തരത്തിൽ അനാഥരായ  ഏറ്റവും കൂടുതൽ കുട്ടികളുള്ളത് രാജ്ഘട്ടിലാണ്, 58 പേർ. അഹമ്മദാബാദ് 42, സബർകാന്ദ് 36, വഡോദരയിൽ പഞ്ച്മഹൽ ജില്ലയിൽ 32 നവാരി ജില്ലയിൽ 30 എന്നിങ്ങനെയാണ് കണക്കുകൾ.18 വയസ്സിന് ശേഷം ഈ കുട്ടികൾക്ക് വിദ്യാഭ്യാസം തുടരണമെന്നുണ്ടെങ്കിൽ 21 വരെ 6000 രൂപ വീതം പ്രതിമാസം നൽകും. ഉന്നതപഠനം തെരഞ്ഞെടുത്താൽ 24 വയസ്സു വരെ ഈ സഹായം തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

click me!