'പ്രിയപ്പെട്ട അനിയത്തീ, കളിയാക്കുന്ന വിഡ്ഢികളെ സാംസ്കാരിക കേരളം തള്ളി കളയും', ഹരീഷ് പേരടിയുടെ കുറിപ്പ്

By Web TeamFirst Published Jun 2, 2020, 9:45 AM IST
Highlights

പൂച്ചക്കുട്ടികളുടെയും കുരങ്ങന്‍റെയും കഥ പറഞ്ഞ വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ വി വി എല്‍പി സ്കൂളിലെ അധ്യാപികയായ സായി ശ്വതേയ്ക്ക് പിന്തുണയുമായി...

കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണായതോടെ സ്കൂളില്‍ പോകാനാവാത്ത കുട്ടികള്‍ക്കായി ഇന്നലെ മുതല്‍ വിക്ടേഴ്സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട് കേരള സര്‍ക്കാര്‍. കുഞ്ഞുകുട്ടികള്‍ക്കുള്ള ക്ലാസുകളുമായി അധ്യാപകര്‍ ചാനലിലെത്തിയതോടെ കുട്ടികളെല്ലാം ടിവിയ്ക്ക് മുന്നില്‍. എന്നാല്‍ കുട്ടികളുടെ ക്ലാസുകളെ ട്രോളാനെത്തിയ ഒരു പറ്റം ആളുകള്‍ അധ്യാപകരെ പരിഹസിച്ചും അശ്ലീലം പറഞ്ഞും അപമാനിക്കുന്നതും കേരളം കണ്ടു. 

പൂച്ചക്കുട്ടികളുടെയും കുരങ്ങന്‍റെയും കഥപറഞ്ഞ വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ വി വി എല്‍പി സ്കൂളിലെ അധ്യാപികയായ സായി ശ്വതേയാണ് പരിഹാസമേറ്റുവാങ്ങിയത്. ആളുകളുടെ പരിഹാസങ്ങളില്‍ അധ്യാപികയെ പ്രതിരോധിച്ചും പിന്തുണച്ചും രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലെ അദ്ദേഹത്തിന്‍റെ കുറിപ്പ് ആരംഭിക്കുന്നത് പ്രിയപ്പെട്ട അനിയത്തി കുട്ടി... എന്ന് തുടങ്ങിയാണ്...

ഫേസ്ബുക്ക് പോസ്റ്റ് കുറിപ്പ് 

സായി ശ്വേത..പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാർത്ഥ ഗുരുനാഥൻമാർ.. ഒരോ പ്രായത്തിലുംപ്പെട്ട വിദ്യാർത്ഥികളുടെ മനസ്സറിഞ്ഞ് വിദ്യ ഓതുന്നവർ ...സ്കൂൾ കാലത്ത് നന്നായി പഠിച്ചിരുന്ന ഞാനൊക്കെ പ്രിഡിഗ്രി തോറ്റ ഒരുമരമണ്ടനാവാൻ കാരണം മലയാളം മീഡിയത്തിൽ നിന്നും വന്ന എന്നോടൊക്കെ ഇംഗ്ലീഷിൽ ക്ലാസെടുത്ത എന്റെ മനസ്സറിയാൻ ശ്രമിക്കാത്ത ശമ്പളം മാത്രം വാങ്ങാൻ അറിയുന്ന കൂറെ ഉദ്യോഗസ്ഥരാണ്...വേദം പഠിച്ച കാലം എന്റെ ജീവിതത്തിൽ ഇല്ല എന്ന് ഇം.എം.സ്. പറഞ്ഞതുപോലെ ആ പ്രിഡിഗ്രി കാലം എനിക്കൊന്നും തന്നിട്ടില്ല...പിന്നീട് ഉണ്ടാക്കിയെടുത്തതൊക്കെ ജീവിതമെന്ന സർവകലാശാലയിൽ കരണം കുത്തി മറിഞ്ഞിട്ടാണ്...ജയപ്രകാശ് കുളൂർ എന്ന നാടകാചര്യനെ കുളൂർ മാഷിനെ കണ്ടിട്ടില്ലായിരുന്നെങ്കിൽ നിങ്ങളിന്ന് കാണുന്ന ഹരീഷ് പേരടിയുണ്ടാവുമായിരുന്നില്ല...അതുകൊണ്ടാണ് ഞാനെവിടെയും ആ മനുഷ്യനെ എന്റെ ഗുരു എന്ന് അഭിമാനത്തോടെ പറയുന്നത്..കളിയാക്കുന്ന വിഡ്ഡികളെ സാസംകാരിക കേരളം തള്ളി കളയും...സായി ശ്വേത നിങ്ങൾ ഇന്നത്തെ ഡയറിയിൽ എഴുതി വെച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപനങ്ങൾക്ക് നിറം പിടിപ്പിക്കാൻ പോകുന്ന ഒരു തലമുറക്കു വേണ്ടി ഞാൻ വിത്തെറിഞ്ഞിട്ടുണ്ടെന്ന് ...അഭിവാദ്യങ്ങൾ സഹോദരി...
 

click me!