അധ്യയനവര്‍ഷത്തെ ശേഷിക്കുന്ന ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലാക്കാൻ തീരുമാനിച്ച് ഐഐടി മുംബൈ

By Web TeamFirst Published Jun 25, 2020, 3:57 PM IST
Highlights

പ്രാഥമിക പരിഗണന വിദ്യാര്‍ഥികള്‍ക്കാണെന്നും അതിനാലാണ് തുടര്‍ന്നുള്ള ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചതെന്നും ചൗധരി അറിയിച്ചു. 
 

മുംബൈ: സ്ഥാപനത്തിലെ വിദ്യാര്‍ഥികളുടെ സുരക്ഷയുടേയും ക്ഷേമത്തിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി അധ്യയന വര്‍ഷത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിലെ ക്ലാസുകള്‍ ഓണ്‍ലൈനാക്കാൻ തീരുമാനിച്ച് ബോംബെ ഐഐടി. ബുധനാഴ്ച അര്‍ധരാത്രിയോടെ ഫെയ്‌സ് ബുക്കിലൂടെയാണ് ഐഐടി ഡയറക്ടര്‍ സുഭാസിസ് ചൗധരി തീരുമാനമറിയിച്ചത്. കൊറോണവൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് ദീര്‍ഘമായ കൂടിയാലോചനയ്ക്ക് ശേഷമാണ് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പ്രാഥമിക പരിഗണന വിദ്യാര്‍ഥികള്‍ക്കാണെന്നും അതിനാലാണ് തുടര്‍ന്നുള്ള ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനിച്ചതെന്നും ചൗധരി അറിയിച്ചു. 

അടുത്ത സെമസ്റ്ററിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരത്തിലൊരു തീരുമാനമെടുക്കുന്ന ആദ്യ സ്ഥാപനമായി ബോംബെ ഐഐടി.  ഐഐടിയിലെ അടുത്ത സെമസ്റ്റര്‍ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ ജൂലായിലാണ് ആരംഭിക്കുന്നത്. ഐഐടിയിലെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പ്, ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ എന്നിവ ലഭ്യമാക്കാന്‍ സഹായം നല്‍കണമെന്ന് ചൗധരി പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഏകദേശം അഞ്ച് കോടിയോളം രൂപ ഇതിനാവശ്യമുണ്ടെന്നും സ്ഥാപനത്തിലെ പൂര്‍വവിദ്യാര്‍ഥിസംഘടന ഒരു ഭാഗം നല്‍കുമെന്നും ബാക്കി തുക സുമനസുകളില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 


 

click me!