NEET Exam Topper : നീറ്റ് പരീക്ഷയിലെ റാങ്ക് തിളക്കം; ഗ്രാമത്തിലെ ആദ്യ ഡോക്ടറാകാനൊരുങ്ങി ഡ്രൈവറുടെ മകൾ

By Web TeamFirst Published Nov 23, 2021, 3:16 PM IST
Highlights

ഇത്തവണത്തെ നീറ്റ് (യുജി) പരീക്ഷയിൽ 668 മാർക്ക് നേടിയാണ് ഈ പെൺകുട്ടി ദേശീയതലത്തിൽ 1759ാം റാങ്ക് കരസ്ഥമാക്കിയത്. ഒബിസി വിഭാ​ഗത്തിൽ 477-ാം റാങ്കും. 

രാജസ്ഥാൻ: ഇല്ലായ്മകളോടും ദാരിദ്ര്യത്തോടും പൊരുതി നേടുന്ന വിജയത്തിന് ഇരട്ടി മധുരമായിരിക്കും. അത്തരമൊരു വിജയമാണ് നസിയ (Nazia) എന്ന പെൺകുട്ടിയുടേത്. തീർത്തും ദരിദ്രമായ, പ്രത്യേകിച്ച് വിദ്യാഭ്യാസപരമായി വിജയങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കുടുംബത്തിലേക്കാണ് നസിയ ഈ വിജയത്തിളക്കം എത്തിച്ചിരിക്കുന്നത്. ഇത്തവണത്തെ നീറ്റ് (യുജി) (NEET Exam) പരീക്ഷയിൽ 668 മാർക്ക് നേടിയാണ് ഈ പെൺകുട്ടി ദേശീയതലത്തിൽ 1759ാം റാങ്ക് കരസ്ഥമാക്കിയത്. ഒബിസി വിഭാ​ഗത്തിൽ 477-ാം റാങ്കും. രാജസ്ഥാനിലെ ഝലവാർ ജില്ലയിലെ പച്പഹാഡിലെ ചെറിയ ​ഗ്രാമത്തിലാണ് നസിയയുടെ കുടുംബം താമസിക്കുന്നത്. അവളുടെ പട്ടണത്തിലെ ആദ്യ ഡോക്ടറാകാനുള്ള തയ്യാറെടുപ്പിലാണ് നസിയ. ഇരുപത്തിരണ്ടുകാരിയായ ഈ പെൺകുട്ടിയുടെ വിജയത്തിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. 

എട്ടാം ക്ലാസിന് ശേഷം നസിയ ഭവാനിമണ്ഡിയിലുള്ള സ്കൂളിലേക്ക് മാറി. അവളുടെ ​ഗ്രാമത്തിൽ നിന്നു വളരെ ദൂരമുണ്ടായിരുന്നു ഈ സ്ഥലത്തേക്ക്.  ദരിദ്രമായ കുടുംബാന്തരീക്ഷത്തിൽ നസിയയെ പഠനത്തിന് സഹായിച്ചത് പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ലഭിച്ചിരുന്ന സ്കോളർഷിപ്പായിരുന്നു. ഒരു ലക്ഷം രൂപയോളം സ്കോളർഷിപ്പ് ലഭിച്ചിരുന്നു. കോച്ചിം​ഗിന് ചേരാൻ നസിയക്ക് തുണയായത് ഈ സ്കോളർഷിപ്പായിരുന്നു. 'സംസ്ഥാന സർക്കാരിന്റെ  ഈ രണ്ട് സ്കോളർഷിപ്പുകളും എനിക്ക് ലഭിച്ച അനു​ഗ്രഹമായിരുന്നു. വിജയത്തിലേക്കുള്ള വഴി തുറന്നു എന്ന് പറയാം.' നസിയ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

നസിയയുടെ പിതാവ് ടെംപോ ഡ്രൈവറാണ്. അമ്മ ആമിനാബി വീട്ടമ്മയും, കൃഷിയിടങ്ങളിൽ ദിവസക്കൂലിക്ക് ജോലിക്ക് പോകുകയും ചെയ്യും. പന്ത്രണ്ടാം ക്ലാസിൽ 90 ശതമാനം മാർക്കോടെയാണ് നസിയ പാസ്സായത്. പിന്നീടാണ് നീറ്റ് കോച്ചിം​ഗിന് ചേർന്നത്. ആദ്യത്തെ മൂന്ന് ശ്രമങ്ങളിൽ യഥാക്രമം, 487,518,602 എന്നിങ്ങനെ മാർക്ക് നേടാൻ സാധിച്ചു. തുടർച്ചയായി മെച്ചപ്പെട്ട മാർക്ക് ലഭിച്ചപ്പോൾ കൂടുതൽ മികച്ച മാർക്കിന് വേണ്ടി പരിശ്രമിച്ചു. നാലാം തവണ 668 മാർക്ക് നേടി മികച്ച വിജയത്തിലെത്താൻ നസിയക്ക് സാധിച്ചു. 

നസിയയുടെ കഠിനാധ്വാനത്തോട് മതിപ്പ് തോന്നിയ പരിശീലനസ്ഥാപനം നാലാമത്തെ പരീക്ഷ പരിശീലനത്തിൽ ഫീസിനത്തിൽ 75 ശതമാനം ഇളവ് അനുവദിച്ചു നൽകി. 'മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ പിന്തുണക്കാൻ അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ട് എപ്പോഴും തയ്യാറാണ്. കുടുംബത്തിനും ​ഗ്രാമത്തിനും ബഹുമതികൾ കൊണ്ടുവന്ന വ്യക്തിയാണ് നസിയ.' ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നവീൻ മഹേശ്വരി പറഞ്ഞു. ഇത്തരം കുട്ടികൾ പ്രദേശത്തിനും സമൂഹത്തിനും മാതൃകയും മറ്റ് കുട്ടികൾക്ക് പ്രചോദനവുമാി മാറും. തന്റെ സ്വപ്നത്തെ യാഥാർത്ഥ്യമാക്കാൻ പിന്തുണച്ച ഇൻസ്റ്റിറ്റ്യൂട്ടിന് നസിയ നന്ദി പറയുന്നു. എംബിബിഎസ് പൂർത്തിയാക്കി ​ഗൈനക്കോളജിസ്റ്റാകാനാണ് നസിയ താത്പര്യപ്പെടുന്നത്. 

 
 

click me!