
വിവാഹത്തിനും കുട്ടികൾക്കും ശേഷം ജീവിതം മാറിമറിയുന്ന നിരവധി സ്ത്രീകളുണ്ട്. പലരും (Career) തങ്ങളുടെ കരിയർ പാതിവഴിയിൽ ഉപേക്ഷിക്കുന്നു. ചിലരുടെ കാര്യം മാത്രമാണിത്. എന്നാൽ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് അതിശക്തമായി കരിയറിലേക്ക് തിരികെയെത്തി മാതൃകയാകുന്ന അനേകം സ്ത്രീകളുണ്ട്. അതിലൊരാളാണ് ഷെഹനാസ് ഇല്യാസ്. പ്രസവാവധിക്കാലത്ത് (UPSC) യുപിഎസ്‌സി പരീക്ഷയെഴുതി (Civil Service Exam) സിവിൽ സർവ്വീസ് 2020 പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 217ാം റാങ്ക് നേടിയാണ് ഷെഹനാസ് ഐപിഎസ് പദവിയിലേക്ക് എത്തിയത്.
കോളേജ് പഠനത്തിന് ശേഷം അഞ്ച് വർഷം ഷഹനാസ് ഐടി കമ്പനിയിൽ ജോലി ചെയ്തു. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അവൾ ആഗ്രഹിച്ചു. അങ്ങനെയാണ് ഗർഭകാലത്ത് അവധിയിലായിരുന്നപ്പോൾ സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കാൻ തീരുമാനിച്ചത്. ഗർഭാവസ്ഥയുടെ 9-ാം മാസത്തിൽ, വെറും രണ്ട് മാസത്തെ തയ്യാറെടുപ്പിന് ശേഷം തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ (TNPSC) പ്രിലിമിനറി പരീക്ഷ എഴുതിയ ഷഹനാസ് ആദ്യ ശ്രമത്തിൽ തന്നെ പ്രിലിമിനറി പരീക്ഷയിൽ വിജയിച്ചു. ലോജിക്കൽ ഇൻഡ്യനിൽ വന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ (ടിഎൻപിഎസ്‌സി) പ്രിലിമിനറി പരീക്ഷ പാസായ ശേഷം, യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ പാസാകാനുള്ള കഴിവും തനിക്കുണ്ടെന്ന് ഷഹനാസ് തിരിച്ചറിഞ്ഞു, എന്നാൽ സമയമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കുഞ്ഞിനെ പരിപാലിക്കുന്നതിനിടയിൽ ദിവസവും 8 മുതൽ 10 മണിക്കൂർ വരെ എടുക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. മാതാപിതാക്കളായിരുന്നു ഷെഹനാസിന്റെ ഏറ്റവും വലിയ പിന്തുണ. രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നിന് തയ്യാറെടുക്കുമ്പോൾ മാതാപിതാക്കൾ അവളുടെ കുഞ്ഞിനെ പരിപാലിച്ചു. കഠിനാധ്വാനത്തിലൂടെ 2020 ൽ 217ാം റാങ്കോടെ ഷെഹനാസ് ഐപിഎസ് നേടി. ആദ്യം മാസം മുഴുവനും പഠനത്തിനുള്ള ഷെഡ്യൂൾ തയ്യാറാക്കുകയും പിന്നീട് അച്ചടക്കത്തോടെ അവ പിന്തുടരുകയും ചെയ്തിരുന്നതായി ഷഹനാസ് പറയുന്നു.