ഒരു കോച്ചിങുമില്ലാതെ 21ാം വയസ്സിൽ ഐപിഎസ്, വീണ്ടും എഴുതി 22ാം വയസ്സിൽ ഐഎഎസ്; ദിവ്യയുടെ മിന്നുംജയം പ്രതികൂല സാഹചര്യങ്ങളോട് പൊരുതി

Published : Aug 25, 2025, 11:08 PM IST
Divya Tanwar IAS

Synopsis

ഒരു പരിശീലന ക്ലാസ്സിലും പോകാതെ ആദ്യ ശ്രമത്തിൽ ഐപിഎസ് നേടിയ ദിവ്യ, ലക്ഷ്യബോധത്തോടെ വീണ്ടും പരീക്ഷയെഴുതി ഐഎഎസ് നേടി.

സിവിൽ സർവീസ് പരീക്ഷയ്ക്കായി ലക്ഷക്കണക്കിന് പേരാണ് ഓരോ വർഷവും തയ്യാറെടുക്കുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ ഈ പരീക്ഷ, അതിലേറെ പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പൊരുതി രണ്ട് തവണ വിജയിച്ച ദിവ്യ തൻവാർ ഏവർക്കും മാതൃകയാണ്. 2021ൽ 21ാം വയസ്സിൽ ആദ്യ ശ്രമത്തിൽ ഒരു പരിശീലന ക്ലാസ്സിനും പോവാതെയാണ് 438ാം റാങ്ക് നേടി ദിവ്യ ഐപിഎസുകാരിയായത്. എന്നാൽ ദിവ്യയുടെ ലക്ഷ്യം ഐപിഎസായിരുന്നില്ല. അടുത്ത വർഷം വീണ്ടും പരീക്ഷയെഴുതി 22ാം വയസ്സിൽ ഐഎഎസുകാരിയായി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസുകാരിൽ ഒരാളാണ് ദിവ്യ. തൻവാർ.

വിജയത്തിലേക്കുള്ള വഴിയിൽ ദിവ്യ പിന്നിട്ട കടമ്പകളേറെയാണ്. ഹരിയാനയിലെ മഹേന്ദ്രഗഢ് ജില്ലയിൽ നിന്നുള്ള ദിവ്യ സർക്കാർ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് നവോദയ വിദ്യാലയത്തിൽ ചേർന്നു. കണക്കിൽ ബിരുദം നേടിയ ശേഷമാണ് യുപിഎസ്‍സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയത്. അച്ഛന്‍റെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് ദിവ്യയുടെ കുടുംബം സാമ്പത്തികമായി ഏറെ പ്രയാസത്തിലായി. അമ്മ ബബിത വീട്ടുജോലി ചെയ്താണ് മകളെ പഠിപ്പിച്ചത്. സ്കൂൾ കാലം മുതലേ പഠിക്കാൻ മിടുക്കിയായിരുന്ന ദിവ്യയ്ക്ക് എല്ലാ പിന്തുണയുമായി അമ്മ ഒപ്പം നിന്നു. ഒരു കോച്ചിങുമില്ലാതെ തന്നെ ദിവ്യ യുപിഎസ്‍സി പ്രിലിമിനറി പരീക്ഷ പാസായി. പിന്നീട് മെയിൻ പരീക്ഷയ്ക്ക് ഓണ്‍ലൈനായി ടെസ്റ്റുകളും മറ്റും എഴുതി തയ്യാറെടുത്തു.

2021ൽ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ്‌സി പരീക്ഷയിൽ ദിവ്യ 438-ാം റാങ്ക് നേടി. ഹിന്ദി സാഹിത്യമാണ് ഓപ്ഷണലായി എടുത്തത്. എഴുത്തു പരീക്ഷയിൽ 751 മാർക്കും പേഴ്സനാലിറ്റി ടെസ്റ്റിൽ 179 മാർക്കും നേടി. ആകെ 930 മാർക്ക്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസർമാരിൽ ഒരാളായി. എന്നാൽ ലക്ഷ്യം ഐഎഎസ് ആയിരുന്നതിനാൽ അടുത്ത വർഷം വീണ്ടും സ്വയം പഠിച്ച് പരീക്ഷയെഴുതി. ഇത്തവണ എഴുത്തു പരീക്ഷയിൽ 834 മാർക്കും പേഴ്സനാലിറ്റി ടെസ്റ്റിൽ 160 മാർക്കും നേടി. ആകെ 994 മാർക്ക്. ഇപ്പോൾ മണിപ്പൂർ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ്.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം