പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ച് അരവിന്ദ് കെജ്‍രിവാൾ

By Web TeamFirst Published Jun 1, 2021, 6:41 PM IST
Highlights

കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാ കുട്ടികൾക്കും വാക്സിനേഷൻ ലഭിക്കുന്നത് വരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ.

ദില്ലി: കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാ കുട്ടികൾക്കും വാക്സിനേഷൻ ലഭിക്കുന്നത് വരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെക്കുറിച്ച് വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കാകുലരാണ്. എല്ലാവർക്കും വാക്സിനേഷൻ നൽകാതെ പരീക്ഷ നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് അവർ അഭിപ്രായപ്പെടുന്നു. ഈ അവസരത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്നും വിദ്യാർത്ഥികളുടെ മുൻപരീക്ഷകളിലെ  പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി വിലയിരുത്തൽ നടത്തണമെന്നും ഞാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നു. അരവിന്ദ് കെജ്‍രിവാൾ ട്വീറ്റിൽ പറഞ്ഞു. 

കൊവിഡിന്റെ രണ്ടാം തരം​ഗം രാജ്യത്ത് നാശം വിതച്ച സാഹചര്യത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഈ വർഷം നടത്താൻ സാധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയെക്കുറിച്ച് രണ്ട് നിർദ്ദേശങ്ങളാണ് സിബിഎസ്ഇയും കേന്ദ്രസർക്കാരും മുന്നോട്ട് വച്ചിരുന്നത്. ഒന്നാമത്തേത് 19 വിഷയങ്ങളിൽ പരീക്ഷ നടത്തുക എന്നതായിരുന്നു. ഓ​ഗസ്റ്റിൽ പരീക്ഷ നടത്താം. ഒരു വിദ്യാർത്ഥിക്ക് 4 പരീക്ഷ വരെ എഴുതിയാൽ മതി. രണ്ടാമത്തേത് പരീക്ഷയുടെ സമയദൈർഘ്യം കുറയ്ക്കുക എന്നതാണ്. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂർ അവരവരുടെ സ്കൂളുകളിൽ തന്നെ പരീക്ഷയെഴുതുക. അത് ജൂലൈയിലും ഓ​ഗസ്റ്റിലുമായി രണ്ട് ഘട്ടങ്ങളായി നടത്തുക. ഇതെല്ലാം തന്നെ ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരി​ഗണനയിലാണ്. 

സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി തുടങ്ങി നിരവധി നേതാക്കൾ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞ മാർച്ചിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും 
വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!