
തിരുവനന്തപുരം: ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിലെ മലയാളി തിളക്കത്തിലൊരാളായി 47ാം റാങ്ക് നേടി കൊട്ടാരക്കര സ്വദേശിയായ നന്ദന ജിപി. റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാനായതിൽ വലിയ സന്തോഷമെന്ന് നന്ദന ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 2022ൽ മാർ ഇവാനിയോസ് കോളേജിൽ നിന്ന് പാസ്സായ നന്ദന രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് നേട്ടം സ്വന്തമാക്കിയത്. ആദ്യത്തെ ശ്രമം 2023 ൽ നടത്തിയെങ്കിലും പ്രിലിംസ് ക്ലിയർ ചെയ്യാൻ സാധിച്ചില്ല. 2024ലെ ശ്രമത്തിലാണ് മികച്ച വിജയം നന്ദനയെ തേടിയെത്തുന്നത്. തിരുവനന്തപുരത്തെ ഫോർച്യൂൺ അക്കാദമിയിലായിരുന്നു നന്ദനയുടെ സിവിൽ സർവീസ് പരിശീലനം. എല്ലാ ക്ലാസുകളും കൃത്യമായി അറ്റന്റ് ചെയ്തെന്ന് നന്ദന പറയുന്നു.
അതേ സമയം ഇത്രയും മികച്ച നേട്ടത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും നന്ദന കൂട്ടിച്ചേർത്തു. മെയിൻ പരീക്ഷയും ഇന്റർവ്യൂവും എങ്ങനെ ആയിരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എങ്ങനെയെങ്കിലും ലിസ്റ്റിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചില്ല. ചെറുപ്പത്തിൽ ഈ എക്സാമിനെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നല്ലാതെ പരീക്ഷയ്ക്കായി ഒന്നും ചെയ്തിരുന്നില്ല. കോളേജിന് ശേഷമാണ് സിവിൽ സർവീസ് പരിശീലനം നടത്തുന്നത്. പല സിവിൽ സർവീസ് ഉദ്യോഗസ്ഥരും പ്രചോദനമായിട്ടുണ്ട് എന്നല്ലാതെ പ്രത്യേകിച്ച് ആരുടെയും പേരെടുത്ത് പറയാനില്ലെന്നും നന്ദന പറയുന്നു.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ കഴിഞ്ഞ വർഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. യുപി പ്രയാഗ്രാജ് സ്വദേശിയായ ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ അൻപത് റാങ്കുകളിൽ 4 മലയാളികളുള്ളതായാണ് പ്രാഥമിക വിവരം. ആദ്യ 100 റാങ്കുകളിൽ 5 മലയാളി വനിതകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ചിൽ മൂന്നും വനിതകളാണ്. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്. ആദ്യ പത്ത് റാങ്കുകാർ ഇവരാണ്. 1- ശക്തി ദുബെ, 2-ഹർഷിത ഗോയൽ, 3-ദോങ്ഗ്രെ അർചിത് പരാഗ്, 4-ഷാ മാർഗി ചിരാഗ്, 5-ആകാശ് ഗാർഗ്, 6-കോമൽ പുനിയ, 7- ആയുഷി ബൻസൽ, 8- രാജ് കൃഷ്ണ ഝാ, 9- ആദിത്യ വിക്രം അഗർവാൾ, 10 - മായങ്ക് ത്രിപഠി.