എംബിഎ ചായ്‍വാല; പഠിക്കാനാ​ഗ്രഹിച്ച കോളേജിന് മുന്നിൽ ചായവിറ്റു, ഇന്ന് കോടീശ്വരൻ; പ്രഫുൽ ബില്ലോറയുടെ ജീവിതം

By Web TeamFirst Published Oct 15, 2021, 5:09 PM IST
Highlights

പിതാവിന്റെ കയ്യിൽ നിന്നും വാങ്ങിയ 10000 രൂപ മൂലധനമാക്കി പ്രഫുൽ ഒരു ടീസ്റ്റാൾ ആരംഭിക്കുകയാണുണ്ടായത്. താൻ പഠിക്കണമെന്ന് ആ​ഗ്രഹിച്ച അഹമ്മദാബാദ് ഐഐഎംന്റെ മുന്നിൽ തന്നെ. 

ദില്ലി: എംബിഎ പ്രവേശനം ആഗ്രഹിക്കുന്ന (MBA Entrance test) എല്ലാ വിദ്യാർത്ഥികളുടെയും സ്വപ്നമാണ് മികച്ച ഐഐഎമ്മുകളിൽ നിന്ന് ബിസിനസിനെക്കുറിച്ചും സംരംഭകത്വത്തെക്കുറിച്ചും പഠിക്കുക എന്നത്. ഈ സ്വപ്നത്തെ മുന്നിൽകണ്ടു കൊണ്ട് ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും പ്രവേശന പരീക്ഷയെഴുതുന്നത്.  പ്രഫുൽ ബില്ലോറ (Praful Billore) എന്ന ചെറുപ്പക്കാരന്റെയും സ്വപ്നം ഇതായിരുന്നു.

മധ്യപ്രദേശിലെ ലാബ്രവ്ഡ ​​ഗ്രാമത്തിലെ കർഷകന്റെ മകനാണ് പ്രഫുൽ. എന്നാൽ മൂന്നു തവണ ക്യാറ്റ് (Common admission Test) പരീക്ഷ എഴുതിയെങ്കിലും വിജയിക്കാൻ പ്രഫുലിന് സാധിച്ചില്ല. ഒടുവിൽ ഒരു ബിസിനസുകാരനാകുക എന്ന തന്റെ സ്വപ്നത്തെ പ്രഫുൽ യാഥാർത്ഥ്യമാക്കിയത് ഒരു ചായക്കട ആരംഭിച്ചു കൊണ്ടായിരുന്നു. ഇന്ന് രാജ്യത്തെമ്പാടും 22 ഔട്ട്ലെറ്റുകളുമായി പ്രഫുലിന്റെ ബിസിനസ് സാമ്രാജ്യം വിശാലമായിക്കഴിഞ്ഞിരിക്കുന്നു. കോടീശ്വരൻമാരുടെ പട്ടികയിലാണ് ഇന്ന് പ്രഫുൽ ബില്ലോറ എന്ന ചെറുപ്പക്കാരന്റെ സ്ഥാനം. 

മൂന്നാം തവണയും ക്യാറ്റ് പരീക്ഷയിൽ വിജയിക്കാൻ സാധിക്കാതെ വന്നപ്പോൾ വളരെയധികം നിരാശനായിരുന്നു പ്രഫുൽ. ജോലി തേടി മറ്റ് ​നഗരങ്ങളിലേക്കും പോയി. സ്ഥിരമായ ജോലിക്കും ഭാവിക്കും വേണ്ടി എംബിഎ പഠിക്കാനായിരുന്നു പിതാവിന്റെ നിർദ്ദേശം. എന്നാൽ പിതാവിന്റെ കയ്യിൽ നിന്നും വാങ്ങിയ 10000 രൂപ മൂലധനമാക്കി പ്രഫുൽ ഒരു ടീസ്റ്റാൾ ആരംഭിക്കുകയാണുണ്ടായത്. താൻ പഠിക്കണമെന്ന് ആ​ഗ്രഹിച്ച അഹമ്മദാബാദ് ഐഐഎംന്റെ മുന്നിൽ തന്നെ. 

വളരെപ്പെട്ടെന്നാണ് പ്രഫുലിന്റെ ടീ സ്റ്റാൾ പ്രശസ്തമായത്. ഒരു ജോലിയിൽ നിന്ന് കിട്ടുന്നതിനേക്കാൾ കൂടുതൽ വരുമാനം ടീസ്റ്റാളിൽ നിന്ന് ലഭിക്കാൻ തുടങ്ങി. പഠനം ഉപേക്ഷിക്കാൻ മനസ്സ് വരാതെ കുടുംബത്തിൽ നിന്ന് തന്നെ 50000 രൂപ വായ്പയായി വാങ്ങി ഒരു പ്രാദേശിക മാനേജ്മെന്റ് കോളേജിൽ എംബിഎക്ക് ചേർന്നു. എന്നാൽ പ്രവേശനം നേടിക്കഴിഞ്ഞതിന് ശേഷം പ്രഫുലിന് മറ്റൊരു കാര്യം മനസ്സിലായി. ബിസിനസിനെക്കുറിച്ച് പഠിക്കുന്നതിനേക്കാൾ കൂടുതൽ ബിസിനസ് ചെയ്ത് നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിച്ചു എന്ന്. ഏഴാമത്തെ ദിവസം പഠനം ഉപേക്ഷിച്ച് വീണ്ടും ടീ സ്റ്റാളിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരംഭിച്ചു. 

ഐഐഎം വിദ്യാർത്ഥികളുമായും അധ്യാപകരുമായും വളരെപ്പെട്ടെന്ന് സൗഹൃദം സ്ഥാപിക്കാൻ പ്രഫുലിന് കഴിഞ്ഞു. ഇം​ഗ്ലീഷ് സംസാരിച്ച്, ചായ വിൽക്കുന്ന മിടുക്കനായ ചെറുപ്പക്കാരനിൽ അവർക്കും മതിപ്പ് തോന്നി. മാസം 15000 വീതം വരുമാനം ലഭിക്കാൻ തുടങ്ങി. ടീ സ്റ്റാളിന് ആദ്യമിട്ട പേര് മിസ്റ്റർ ബില്ലോറെ അഹമ്മദാബാദ് ടീ സ്റ്റാൾ എന്നായിരുന്നു. എന്നാൽ പലർക്കും അത് ഉച്ചരിക്കാൻ ബുദ്ധിമുട്ട് പോലെ. പിന്നീട് പേര് എംബിഎ ചായ്വാല എന്ന് ചുരുക്കി. പഠിക്കാനാ​ഗ്രഹിച്ച വിഷയത്തിന്റെ പേരും ഈ പുതിയ പേരിലേക്ക് യാദ്യശ്ചികമെന്നപോലെ വന്നു ചേർന്നു. അതേ പേരിൽ തന്നെ ചായയും വിറ്റു. 

പ്രഫുലിന്റെ ബിസിനസ് മന്ത്രം ഇതായിരുന്നു, എന്ത് ചെയ്താലും സത്യസന്ധതയോടും കഠിനാധ്വാനത്തോടും വിശ്വസ്തതയോടും കൂടി ചെയ്യുക. വിജംയ വന്നുചേരും. ചെരിപ്പ് നന്നാക്കുന്ന വ്യക്തിയാണെങ്കിൽ ഏറ്റവും മികച്ച ജോലിക്കാരനാകുക, ചായ വിൽക്കുകയാണെങ്കിലും ഏറ്റവും മികച്ച ചായവിൽപനക്കാരനാകുക, നിങ്ങൾ എന്തു ചെയ്താലും ഏറ്റവും മികച്ച രീതിയിലാണ് എന്നുറപ്പാക്കുക. കുട്ടിക്കാലം മുതൽ പ്രഫുൽ മിടുക്കനായിരുന്നു എന്ന് പിതാവ് സോഹൻ ബില്ലോറ പറയുന്നു. പരമ്പരാ​ഗതരീതിയിൽ പോകാൻ അവനെ നിർബന്ധിച്ചിട്ടില്ല. കുട്ടികൾ മനസ്സിൽ സൂക്ഷിക്കുന്ന സ്വപ്നത്തെ പിന്തുണക്കാൽ മാതാപിതാക്കളുടെ പിന്തുണ ആവശ്യമാണ്. അപ്പോൾ അവർക്ക് ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു. 
 

click me!