'സ്മാർട്ട്' പദ്ധതിയുമായി സാക്ഷരതാ മിഷൻ; ആദ്യം വയനാട്ടിൽ, ഉദ്ഘാടനം ഓഗസ്റ്റ് 25ന്

Published : Aug 22, 2025, 05:55 PM IST
Smart by literacy mission

Synopsis

കമ്പ്യൂട്ടർ പരിജ്ഞാനവും മാനേജ്മെന്റ് പരിശീലനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 

കൽപ്പറ്റ: 100 ശതമാനം നേട്ടം കൈവരിച്ച സാക്ഷരതയ്ക്കും ഡിജിറ്റൽ സാക്ഷരതയ്ക്കും ശേഷം തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന പുതിയ 'സ്മാർട്ട്' (ഓഫീസ് മാനേജ്‌മെന്റ് ആൻഡ് ഡിജിറ്റൽ സ്കിൽ കോഴ്സ്) പദ്ധതിയുമായി സംസ്ഥാന സാക്ഷരത മിഷൻ. തുല്യത പഠിതാക്കൾക്ക് ഓഫീസ് മാനേജ്മെന്റ്, കമ്പ്യൂട്ടർ എന്നിവയിൽ പ്രവീണ്യം നേടി തൊഴിൽ നേടാൻ പര്യാപ്തമാക്കുന്ന കോഴ്സിൽ എല്ലാവർക്കും ചേരാം. 6 മാസം ദൈർഘ്യമുള്ള കോഴ്സ് സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് വയനാട് ജില്ലയിലാണ്. സ്മാർട്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 25ന് വയനാട് കണിയാമ്പറ്റ മില്ല് മുക്കിലെ ജില്ലാ പഞ്ചായത്ത്‌ പരിശീലന കേന്ദ്രത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും.

സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലകളിലും തൊഴിൽ നേടുന്നതിനാവശ്യമായ കമ്പ്യൂട്ടർ പരിജ്ഞാനവും മാനേജ്മെന്റ് പരിശീലനവും ലക്ഷ്യമിട്ടാണ് പദ്ധതി. പി എസ് സി അംഗീകരിച്ച കോഴ്സിൽ ചേരാനുള്ള യോഗ്യത പത്താം തരം ജയവും 17 വയസുമാണ്. ഉയർന്ന പ്രായപരിധിയില്ല. പഠിതാക്കൾക്ക് ഇന്റേൺഷിപ്പിനും പ്ലേസ്മെന്റിനും സൗകര്യമുണ്ട്. 6500 രൂപയാണ് കോഴ്സ് ഫീ. സാക്ഷരത പഠിതാക്കൾക്ക് 5000 രൂപ മതി. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് ഫീസ് വേണ്ട.

തുല്യത പഠിതാക്കളുടെ തൊഴിൽ പരിശീലന ആവശ്യങ്ങൾ പരിഗണിച്ചാണ് പദ്ധതി രൂപകല്പന ചെയ്തത്. ഒരു ബാച്ചിൽ 100 പേർ ആയിരിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഉച്ച 1 വരെയും, ഉച്ചയ്ക്ക് ശേഷം 2 മുതൽ 5 വരെയുമാണ് ക്ലാസുകൾ. ശനി, ഞായർ ദിവസങ്ങളിൽ സ്പെഷ്യൽ ബാച്ചുകളുണ്ടാകും. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ മില്ല് മുക്കിലെ ജില്ലാ പഞ്ചായത്ത്‌ പരിശീലന കേന്ദ്രത്തിലാണ് ക്ലാസ്സ്‌ നടക്കുക. രണ്ടാമത്തെ ക്ലാസ്സ്‌ തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരങ്ങാട് തയാറായി വരുന്നു. കോഴ്സിൽ ചേരാൻ ഓഗസ്റ്റ് 25 ന് തുടങ്ങുന്ന രജിസ്ട്രേഷൻ സെപ്റ്റംബർ 30 വരെയുണ്ട്. രജിസ്ട്രേഷൻ കൂടുതലാണെങ്കിൽ ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും ക്ലാസുകൾ തുടങ്ങും.

ഓഫീസ് മാനേജ്മെന്റ് & അഡ്മിനിസ്ട്രേഷൻ ട്രെയിനിങ്, ഡെസ്ക്ടോപ്, പബ്ലിഷിങ് & ഓപ്പൺ സോഴ്‌സ് ടൂൾസ്, ഡിടിപി ടൂൾസ്, ഡിടിപി ടെക്നിക്സ് & ഇമേജ് എഡിറ്റിംഗ്, പ്രൊഡക്ഷൻ, പ്രൊജക്റ്റ്‌ മാനേജ്മെന്റ് & പോർട്ട്ഫോളിയോ ഡെവലപ്പ്മെന്റ്, ഐഎസ്എം മലയാളം എന്നിവ ഉൾപ്പെട്ടതാണ് കോഴ്സ് സിലബസ്.

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ