
മലപ്പുറം: ചെറുപ്പം മുതല്‍ ഉള്ളില്‍ കൊണ്ട് നടന്ന മോഹം യാഥാര്‍ഥ്യമാക്കി വെളിയങ്കോട് സ്വദേശി ആദില്‍ സുബി. യൂറോപ്പിലെ ഒന്നാംനിര സ്ഥാപനമായ സ്‌പെയിനിലെ ബാഴ്സലോണയിലുള്ള ഏവിയേഷന്‍ അക്കാദമിയായ ഇ.എ.എസ്.എ യില്‍ നിന്ന് പൈലറ്റ് ലൈസന്‍സ് നേടിയിരിക്കുകയാണ് മലപ്പുറം സ്വദേശിയായ 22 കാരന്‍. 250 മണിക്കൂര്‍ വിമാനം പറത്തിയാണ് ആദില്‍ സുബി ഫ്രോസണ്‍ (എഫ്) എയര്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ട് പൈലറ്റ് ലൈസന്‍സ് നേടിയത്.
കടകശ്ശേരി ഐഡിയല്‍ കോ ളേജില്‍നിന്ന് പ്ലസ്ടുവിന് മികച്ച വിജയം നേടിയതിനു ശേഷമാണ് ബാഴ്സലോണയിലെ ഇ. എ.എസ്.എ യില്‍ പ്രവേശനം നേടിയത്. മൂന്നുവര്‍ഷത്തോളം നീണ്ട പരിശീലനം മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കി. നിലവില്‍ ഈ ലൈസന്‍സ് ഉപയോഗിച്ച് യൂറോപ്പില്‍ ഫസ്റ്റ് ഓഫിസര്‍ പൈലറ്റ് ആകാം. 1500 മണിക്കൂര്‍ പൂര്‍ത്തിയാക്കുന്നതോടെ എ.ടി.പി.എല്‍ നേടാനാകും. ഇതോടെ ക്യാപ്റ്റന്‍ പൈലറ്റ് ആകാനും കഴിയും.
ആദില്‍ സുബിയുടെ പ്രൈമറി പഠനം വെളിയങ്കോട് ഉമരിയിലും ഒരുവര്‍ഷം ഖത്തര്‍ സ്കുളിലും പിന്നീട് നാലാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിലുമായിരുന്നു. പിതാവ് വെളിയങ്കോട് സ്വദേശി ചന്തപ്പുറത്ത് സുബൈര്‍, മാതാവ് റഫീബ എന്നിവരുടെ പിന്തുണയിലാണ് ആദില്‍ സൂബി പൈലറ്റാവുക എന്ന തന്‍റെ സ്വപ്നം യാഥാര്‍ഥ്യമായത്. സഹോദരന്‍ അയാന്‍ സുബി കടകശ്ശേരി ഐഡിയല്‍ സ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.