33 പ്രാവശ്യം തോറ്റു, 34ാം തവണ വിജയം; 51ാമത്തെ വയസ്സിൽ പത്താം ക്ലാസ് പാസ്സായി നൂറുദ്ദീൻ...!

By Web TeamFirst Published Aug 1, 2020, 5:26 PM IST
Highlights

അങ്ങനെ അമ്പത്തിയൊന്നാമത്തെ വയസ്സിൽ പത്താം ക്ലാസ് പരീക്ഷ പാസാകുന്ന വ്യക്തി എന്ന ഖ്യാതിയും ഇദ്ദേഹം സ്വന്തമാക്കി.

തെലങ്കാന: ഒന്നും രണ്ടുമല്ല, മുപ്പത്തിമൂന്ന് തവണയാണ് തെലങ്കാന സ്വദേശിയായ മുഹമ്മദ് നൂറുദ്ദീൻ പത്താം ക്ലാസ് പരീക്ഷയെഴുതിയത്.1987 ലാണ് ആദ്യമായി പരീക്ഷയെഴുതിയത്. പിന്നീടങ്ങോട്ട് 33 തവണയും പരാജയമേറ്റുവാങ്ങി. എന്നാൽ 34ാമത്തെ തവണ ഇദ്ദേഹം വിജയിച്ചു. അങ്ങനെ അമ്പത്തിയൊന്നാമത്തെ വയസ്സിൽ പത്താം ക്ലാസ് പരീക്ഷ പാസാകുന്ന വ്യക്തി എന്ന ഖ്യാതിയും ഇദ്ദേഹം സ്വന്തമാക്കി. ഈ വിജയത്തിന് കൊറോണ വൈറസിനോടാണ് അദ്ദേഹം നന്ദി പറയുന്നത്. കാരണം കൊവിഡ് വ്യാപനത്തെ തുടർന്ന് തെലങ്കാന പരീക്ഷാ ബോർഡ് പരീക്ഷ റദ്ദാക്കുകയും എല്ലാ വിദ്യാർത്ഥികളെയും പാസ്സാക്കുകയും ചെയ്തു. ദ് ഇന്ത്യന്‍ എക്സ്പ്രസിനോടാണ് അദ്ദേഹം തന്‍റെ വിജയ കഥ പങ്കിട്ടിരിക്കുന്നത്.

1987 ൽ ആദ്യമായി പരീക്ഷയെഴുതിയപ്പോൾ ഇം​ഗ്ലീഷ് പരീക്ഷയ്ക്കാണ് തോറ്റുപോയത്. 'ഇം​ഗ്ലീഷ് മനസ്സിലാക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല, ട്യൂഷൻ നൽകാനുളള സാമ്പത്തിക സ്ഥിതി വീട്ടുകാർക്കുണ്ടായിരുന്നില്ല. എപ്പോഴും പഠിക്കാൻ കുടുംബത്തിലെ മറ്റുള്ള അം​ഗങ്ങൾ സഹായിച്ചിരുന്നു. പക്ഷേ പാസ്സാകാനുള്ള മാർക്ക് വാങ്ങാാൻ സാധിച്ചില്ല. എപ്പോഴും 30 ൽ താഴെ മാർക്കാണ് ലഭിച്ചത്.' നൂറുദ്ദീൻ പറയുന്നു. മറ്റെല്ലാ വിഷയങ്ങൾക്കും നാൽപതിലധികം മാർക്ക് വാങ്ങാൻ സാധിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

എന്നാൽ പരിശ്രമം നിർത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഒടുവിൽ 51ാമത്തെ വയസ്സിലാണ് വിജയം ഇദ്ദേഹത്തെ തേടിയെത്തിയത്. 'അവസാന ശ്രമം എന്ന് തീരുമാനിച്ചാണ് ഇത്തവണ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചത്. എന്തായാലും സർക്കാർ‌ മാനദണ്ഡങ്ങൾക്കനുസരിച്ച് പാസ്സായതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. നൂറുദ്ദീൻ പറഞ്ഞു. മികച്ച ജോലിക്ക് വേണ്ടിയാണ് പരീക്ഷ എഴുതി പാസ്സാകാൻ ശ്രമിച്ചത്. പൊലീസിലോ ആർമിയിലോ ജോലി ചെയ്യണമെന്നായിരുന്നു ആ​ഗ്രഹം. പക്ഷേ പരീക്ഷ പാസ്സാകാത്തത് മൂലം എന്റെ സ്വപ്നം പൂർത്തീകരിക്കാൻ സാധിച്ചില്ല.' അഞ്ചുമാൻ ബോയ്സ് ഹൈസ്കൂളിൽ സെക്യൂരിറ്റി ​ഗാർഡായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. 

പത്താം ക്ലാസ് പരീക്ഷ പാസ്സായതോടെ കൂടുതൽ മികച്ച ജോലിക്ക് വേണ്ടി ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'സർക്കാർ തസ്തികകളിൽ ​ഗ്രൂപ്പ് ഡി വിഭാ​ഗത്തിൽ ധാരാളം ആളുകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നുണ്ട്. അവിടെ പ്രായം പ്രശ്നമല്ല. സർക്കാർ തലത്തിലുള്ള ജോലികൾക്ക് കൂടുതൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുള്ളതിനാൽ അവിടെ ജോലി ചെയ്യാൻ താത്പര്യമുണ്ട്. നൂറുദ്ദീൻ പറയുന്നു. ഭാര്യയും ഒരു മകളും മൂന്ന് ആൺമക്കളുമുണ്ട് ഇദ്ദേഹത്തിന്. 


 


 

click me!