ദേശീയ റിക്രൂട്ട്മെന്റ് ഏജൻസിക്ക് അം​ഗീകാരം; കേന്ദ്രസർക്കാർ ജോലികൾക്ക് ഇനി ഒറ്റ പൊതുയോ​ഗ്യത പരീക്ഷ

By Web TeamFirst Published Aug 20, 2020, 12:09 PM IST
Highlights

ഇതിൽ നിന്ന് ലഭിക്കുന്ന സ്കോറിന് മൂന്നുവർഷത്തെ നിയമസാധുത ഉണ്ടാകും. ഒറ്റ പൊതുയോ​ഗ്യതാ പരീക്ഷ നടത്തുന്നത് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള പ്രവേശനം സു​ഗമമാക്കും. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോ​ഗത്തിൽ ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപവത്കരിക്കാൻ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെ നിയമനങ്ങള്‍ക്ക് പൊതുയോഗ്യത പരീക്ഷ നടത്താനാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപവത്കരിക്കുന്നത്. 

കേന്ദ്ര സർക്കാർ ജോലികൾക്കായി വിവിധ ഏജൻസികൾ നടത്തുന്ന പല പരീക്ഷകളാണ് ഉദ്യോ​ഗാർത്ഥികൾ എഴുതേണ്ടതായി വരുന്നത്. ഓരോ വർഷവും കേന്ദ്ര സർക്കാരിന്റെ 1.25 ലക്ഷം ഒഴിവുകളിലേക്ക് ശരാശരി 2.5 കോടി മുതൽ 3 കോടിവരെ ഉദ്യോ​ഗാർത്ഥികൾ അപേക്ഷിക്കുന്നുണ്ടെന്ന് പേഴ്സൺൽ ആന്റ് ട്രെയിനിം​ഗ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി സി ചന്ദ്രമൗലി വ്യക്തമാക്കുന്നു. വിവിധ സമയങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പൊതുപരീക്ഷയെഴുതേണ്ടി വരുന്ന വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട്  പരി​ഗണിച്ചാണ് പുതിയ ഏജൻസിയുടെ രൂപീകരണം. 

ഈ ഏജൻസിയിൽ എസ്എസ്‍സി, ഐബിപിഎസ്, ആർആർബി എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടായിരിക്കും. ബിരുദം, ഹയർസെക്കന്ററി, പത്താം ക്ലാസ് എന്നീ തലങ്ങളിലായിട്ടായിരിക്കും പരീക്ഷ സംഘടിപ്പിക്കുക. എന്നാൽ ഇപ്പോഴത്തെ റിക്രൂട്ട്മെന്റ് ഏജൻസികളായ ഐബിപിഎസ്, ആർആർ‌ബി, എസ്എസ്‍സി എന്നിവ തുടരും. വിവിധ ഭാഷകളിലായി പരീക്ഷ നടത്തും. ഇതിൽ നിന്ന് ലഭിക്കുന്ന സ്കോറിന് മൂന്നുവർഷത്തെ നിയമസാധുത ഉണ്ടാകും. ഒറ്റ പൊതുയോ​ഗ്യതാ പരീക്ഷ നടത്തുന്നത് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള പ്രവേശനം സു​ഗമമാക്കും. 

അതുപോലെ ഓരോ ജില്ലയിലും ഒരു പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കും. ഇത് ഉദ്യോ​ഗാർത്ഥികളെ സംബന്ധിച്ച് വളരെ ​ഗുണകരമായിരിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങൾ  സജ്ജീകരിക്കാനാണ് തീരുമാനം. വിവിധ ഏജൻസികൾ വിവിധ പരീക്ഷകൾ നടത്തുന്ന നിലവിലെ സാഹചര്യത്തിൽ പാവപ്പെട്ട കുട്ടികളെ സംബന്ധിച്ച് വളരെ ​ഗുണകരമായ നേട്ടനായിരിക്കും ഇത്. പരീക്ഷാ ഫീസ് യാത്രാക്കൂലി. താമസം മറ്റ് കാര്യങ്ങൾ എന്നിവയ്ക്കായി ഇവർ‌ പണം ചെലവഴിക്കേണ്ടി വരില്ല. ഒറ്റപരീക്ഷ ഉദ്യോ​ഗാർത്ഥികളുടെ സാമ്പത്തിക ഭാരം കുറക്കുമെന്നാണ് പ്രതീക്ഷ. 

എത്ര തവണ വേണമെങ്കിലും പരീക്ഷയ്ക്ക് ഹാജരാകാം. എന്നാൽ പ്രായപരിധി ഉണ്ടായിരിക്കും. എന്നാൽ സർക്കാരിന്റെ നിലവിലുള്ള നയം അനുസരിച്ച് എസ് സി, എസ് ടി, ഒബിസി, മറ്റ് വിഭാ​ഗങ്ങൾ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കും. ഒന്നിലധികം ഭാഷകളിൽ പരീക്ഷകൾ നടത്തും. 12 ഭാഷകളിൽ പരീക്ഷ നടത്താനാണ് തീരുമാനമെന്ന് മന്ത്രി ജിതേന്ദ്ര സിം​ഗ് വ്യക്തമാക്കി. 

click me!