
ജയ്പൂർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചാക്കേസിന്റെ അന്വേഷണം പുരോഗമിക്കവെ രാജസ്ഥാനിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പഠനത്തിൽ തികച്ചും ശരാശരിയോ അതിൽ താഴെയോ മാത്രമായിരുന്ന ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ കഴിഞ്ഞവർഷം അസാധാരണ മാർക്കോടെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയതാണ് ഇപ്പോൾ സിബിഐ അന്വേഷിക്കുന്നത്. ചോദ്യപേപ്പർ വിലയ്ക്ക് വാങ്ങിയ രാജസ്ഥാൻ സ്വദേശികളായ ദിനേഷ്, മംഗിലാൽ ബിവാല എന്നിവരാണ് ഈ തട്ടിപ്പിന് പിന്നിലെ പ്രധാനികളെന്ന് സിബിഐ സംശയിക്കുന്നു.
പ്ലസ്ടുവിന് വെറും 55 ശതമാനം മാർക്ക് മാത്രമുണ്ടായിരുന്ന വികാസ് നീറ്റ് പരീക്ഷയിൽ 86 ശതമാനം മാർക്ക് നേടിയാണ് സവായി മധോപൂർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്. കോളേജ് ടെസ്റ്റുകളിൽ വെറും 30 ശതമാനം മാർക്ക് മാത്രമുണ്ടായിരുന്ന ഇയാൾ ജനുവരി മുതൽ ക്ലാസിൽ ഹാജരായിരുന്നില്ല. വികാസിനെയും പിതാവ് ദിനേഷ്, അമ്മാവൻ മംഗിലാൽ എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തു. പത്താം ക്ലാസിൽ 93-ഉം പ്ലസ്ടുവിന് 89 ശതമാനവും മാർക്കുണ്ടായിരുന്ന പലക് നീറ്റിൽ 98.61 പെർസെന്റൈൽ നേടി ജയ്പൂർ എസ്എംഎസ് മെഡിക്കൽ കോളേജിൽ പ്രവേശിച്ചു. എന്നാൽ കോളേജ് പരീക്ഷകളിൽ ശരാശരി മാത്രമായിരുന്ന ഇവർ അമ്മാവൻ ദിനേഷ് അറസ്റ്റിലായതോടെ ഹോസ്റ്റലിൽ നിന്ന് ഒളിവിൽ പോയി.
പത്താം ക്ലാസിൽ 69 ശതമാനം മാർക്ക് മാത്രമുണ്ടായിരുന്ന പ്രഗതി നീറ്റിൽ 89 ശതമാനം മാർക്കോടെ ദൗസയിലെ സർക്കാർ മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടി. പിതാവ് മംഗിലാൽ അറസ്റ്റിലായതോടെ പ്രഗതിയും കോളേജിൽ നിന്ന് അവധിയിൽ പ്രവേശിച്ചു. പത്താം ക്ലാസിൽ 63 ശതമാനം മാർക്ക് മാത്രമുണ്ടായിരുന്ന സാനിയ നീറ്റിൽ 94.07 പെർസെന്റൈൽ നേടി മുംബൈയിലെ മെഡിക്കൽ കോളേജിലാണ് പഠിക്കുന്നത്. ഇവർ ഇപ്പോൾ ഒളിവിലാണ്. കോച്ചിംഗ് ക്ലാസ് ടെസ്റ്റുകളിൽ 720-ൽ 320 മുതൽ 342 വരെ മാത്രം മാർക്ക് വാങ്ങിയിരുന്ന ഗുഞ്ജൻ നീറ്റിൽ 92.53 പെർസെന്റൈൽ നേടി വാരണാസിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടി. ഗുഞ്ജനും ഇപ്പോൾ ഒളിവിലാണ്.
കഴിഞ്ഞ വർഷത്തെ വിജയത്തിന് പിന്നാലെ ഇത്തവണ ദിനേഷിന്റെ മകൻ ഋഷി ബിവാലിനെയും മംഗിലാലിന്റെ മകൻ അമനെയും ഇതേ രീതിയിൽ വിജയിപ്പിക്കാൻ കുടുംബം ശ്രമിച്ചതായാണ് വിവരം. സ്കൂളിൽ ഗ്രേസ് മാർക്കോടെ ജയിച്ചവരും പഠനത്തിൽ വളരെ പിന്നിലുമായ ഇവരും ഇത്തവണ നീറ്റ് പരീക്ഷ എഴുതിയിട്ടുണ്ട്. 2025 നവംബറിൽ ഒരേ കുടുംബത്തിൽ നിന്ന് അഞ്ച് കുട്ടികൾക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചത് ആഘോഷിച്ചുകൊണ്ട് ദിനേഷ് ബിവാൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റും സിക്കാറിലെ പ്രമുഖ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകിയ പരസ്യങ്ങളും സിബിഐ ഇപ്പോൾ പരിശോധിച്ചുവരികയാണ്. ഒരു കുടുംബത്തിലെ ഇത്രയധികം പേർക്ക് ഒരേസമയം അസാധാരണ വിജയം ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്.