
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങി. “പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തൻ പുലരി പിറക്കുന്നേ ” എന്ന വരികളിൽ തുടങ്ങുന്ന പ്രവേശനോത്സവ ഗീതത്തിന്റെ പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പ്രശസ്ത കവിയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാദമിക് കോർഡിനേറ്ററുമായ മുരുകൻ കാട്ടാക്കട ആണ് ഗീതത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ രമേശ് നാരായണനാണ് ഗീതത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ഗീതത്തിന്റെ നിർമ്മാണം സമഗ്ര ശിക്ഷാ കേരളം ആണ്. ഗായിക മധുശ്രീ, വിദ്യാർഥികളായ ആരഭി വിജയ്, ആഭേരി വിജയ്, ഗംഗ പിവി, ദേവനന്ദ എന്നിവരാണ് ഗീതം ആലപിച്ചത്. ഓർക്കസ്ട്രേഷൻ സ്റ്റീഫൻ ദേവസി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ എ എസ്,സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ.എ പി കുട്ടികൃഷ്ണൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാദമിക് കോർഡിനേറ്റർ ശ്രീ.മുരുകൻ കാട്ടാക്കട തുടങ്ങിയവർ പങ്കെടുത്തു. പ്രവേശനോത്സവ ദിനമായ ജൂൺ 1 ന് പ്രവേശനോത്സവഗീതത്തിന്റെ ദൃശ്യാവിഷ്കാരം റിലീസ് ചെയ്യപ്പെടുന്നതാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona