​ഗവേഷണ രം​ഗത്ത് റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ അം​ഗീകാര തിളക്കത്തിൽ അധ്യാപകൻ

By Sumam ThomasFirst Published Jan 10, 2022, 4:52 PM IST
Highlights

കേരള യൂണിവേഴ്സിറ്റിയിലെ ഒപ്റ്റോഇലക്ടോണിക് ഡിപ്പാർട്ട്മെന്റ് പ്രൊഫസറാണ് ഇദ്ദേഹം. കൂടാതെ മുൻ ​ഹെഡ് ഓഫ് ദ് ഡിപ്പാർട്ട്മെന്റ്, ഡീൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ സ്കൂൾ ഓഫ് ടെക്നോളജി ഡയറക്ടറാണ് കൊല്ലം നീണ്ടകര സ്വദേശിയായ പ്രൊഫസർ കെ ജി ​ഗോപ്ചന്ദ്രൻ. 

തിരുവനന്തപുരം: ​​ഗവേഷണരം​ഗത്തെ അപൂർവ്വ അം​ഗീകാരം നേടി കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അം​ഗം പ്രൊഫസർ കെ.ജി ​ഗോപ്ചന്ദ്രൻ. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെലോ ആയിട്ടാണ് അം​ഗീകാരം ഈ അധ്യാപകനെ തേടിയെത്തിയിരിക്കുന്നത്. കേരള യൂണിവേഴ്സിറ്റിയിലെ ഒപ്റ്റോഇലക്ടോണിക് ഡിപ്പാർട്ട്മെന്റ് പ്രൊഫസറാണ് ഇദ്ദേഹം. കൂടാതെ മുൻ ​ഹെഡ് ഓഫ് ദ് ഡിപ്പാർട്ട്മെന്റ്, ഡീൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ സ്കൂൾ ഓഫ് ടെക്നോളജി ഡയറക്ടറാണ് കൊല്ലം നീണ്ടകര സ്വദേശിയായ പ്രൊഫസർ കെ ജി ​ഗോപ്ചന്ദ്രൻ. 

'റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെലോയായിട്ടാണ് ഈ അം​ഗീകാരം. പ്രധാനമായും കെമിസ്ട്രിയിലുള്ള സംഭാവനകളെ കണക്കിലെടുത്താണ് ഈ അം​ഗീകാരം നൽകുന്നത്. അധ്യാപനരം​ഗത്തും ​ഗവേഷണരം​ഗത്തും കൈവരിച്ച നേട്ടങ്ങളെയും പരി​ഗണിക്കും. പ്രധാനമായിട്ടും കെമിസ്ട്രിയിൽ എത്രമാത്രം ഇംപാക്റ്റ് സൃഷ്ടിച്ചു എന്നാണ് പരിശോധിക്കുന്നത്.. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെലോ ആയി അം​ഗീകരിക്കുകയാണ് ചെയ്യുന്നത്. ലൈഫ്‍ലോം​ഗ് ഫെലോ ആയി ഇരിക്കാം. കൂടാതെ നിരവധി റിസോഴ്സസ്  ​ഗവേഷണത്തിനും മറ്റും ഉപയോ​ഗിക്കാം. ഈ അം​ഗീകാരം ലഭിക്കുന്നതിലൂടെ  ഈ മേഖലയിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സാധിക്കും.'  ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്കോമിനോട് അദ്ദേഹം പറഞ്ഞു.  

'രസതന്ത്ര മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പേർക്ക്  ഈ അം​ഗീകാരം ലഭിച്ചിട്ടുണ്ട്. ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം വളരെ നല്ല അം​ഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമായിട്ടും ഞാൻ വർക്ക് ചെയ്തത് നാനോ മെറ്റീരിയൽസിലാണ്. നാൽപതിലധികം അന്താരാഷ്ട്ര ജേർണലുകളിൽ റിവ്യൂവർ‌ ആയി വർക്ക് ചെയ്തിട്ടുണ്ട്. നൂറോളം പേപ്പറുകൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. 14 കുട്ടികൾക്ക് പിഎച്ച്ഡി ലഭിച്ചിട്ടുണ്ട്. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഇങ്ങോട്ട് അറിയിക്കുകയായിരുന്നു. അവരുടെ മെമ്പർഷിപ്പിന് അപേക്ഷിക്കണമെന്ന് . ജേർണലുകളിൽ‌ റിവ്യൂ ഒക്കെ ചെയ്യുന്നത് കൊണ്ട് ഡീറ്റെയിൽസ് അവിടെ ഉണ്ടായിരുന്നു. വളരെ അപൂർവ്വമായി ലഭിക്കുന്ന അം​ഗീകാരമാണിത്. അദ്ദേഹം വ്യക്തമാക്കി. 

​ഗവേഷണ രം​ഗത്ത് നിരവധി വിദ്യാർത്ഥികൾക്ക് മാർ​ഗനിർദ്ദേശം നൽകിയ അധ്യാപകൻ കൂടിയാണ് ഇദ്ദേഹം. ''മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകളുടെ മാതൃകയിലുള്ള സ്ഥാപനങ്ങൾ നമുക്കുണ്ട്. ഇൻഡസ്ട്രിയുമായി ബന്ധപ്പെടുത്തി ​ഗവേഷണം നടത്തിയാൽ സംസ്ഥാനത്തെ സാമ്പത്തിക അവസ്ഥയിൽ‌ മികച്ച മാറ്റം ഉണ്ടാകും. ഇന്നത്തെ തലമുറയിലെ കുട്ടികൾ ഇന്റലിജന്റായ കുട്ടികളാണ്. അവരെ പ്രോപ്പറായി സെലക്റ്റ് ചെയ്ത് റിസർച്ചിലേക്ക് കൊണ്ടുപോയാൽ നമ്മുടെ സ്റ്റേറ്റിന്റെ സാമ്പത്തിക അവസ്ഥ നമ്മളൊക്കെ പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് മാറും. ഭാവിയിൽ അത് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ ​ഗവേഷണ മേഖലകൾ ഏതെങ്കിലുമൊരു വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് വന്നാൽ വലിയ ഇംപാക്റ്റ്  ആയിരിക്കും ഉണ്ടാകുക. ധാരാളം വിദ്യാർത്ഥികൾ ​ഗവേഷണ മേഖലയിലേക്ക് എത്തുന്നുണ്ട്. ​ഗവേഷണത്തിന് സെലക്റ്റ് ചെയ്യുന്ന കുട്ടികളെ അവരുടെ ടാലന്റ് ശരിക്ക് മനസ്സിലാക്കാൻ പറ്റുന്ന വിധത്തിലുളള ടെസ്റ്റുകൾ നടത്തി അവരെ എടുക്കുകയും അവർക്ക് കൊടുക്കുന്ന ഫെലോഷിപ്പ് നല്ല രീതിയിൽ‌ കൊടുത്താൽ നമുക്കത് വളരെ മികച്ചതായി മാറും. നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും നേട്ടമുണ്ടാകും.  ആ രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഇൻഫോർമേഷൻ‌ ടെക്നോളജിയിലൊക്കെ മാറ്റം വന്ന സാഹചര്യത്തിൽ.'' 

''പണ്ടൊന്നും ഓൺലൈൻ ജേർണലുകളൊന്നും ഇല്ല. ഓൺലൈൻ  സംവിധാനം പോലും നിലവിലില്ലാത്ത സാഹചര്യമാണ്. അന്ന് കൂടുതലും ആളുകൾ ബുദ്ധിശക്തി ഉപയോ​ഗിച്ചാണ് ​ഗവേഷണം നടത്തിയിരുന്നത്. ഇന്നത്തെ കാലത്ത് ​ഗവേഷണത്തിന് ധാരാളം എക്വിപ്മെന്റ് ലഭിക്കുന്നുണ്ട്. പണ്ടൊന്നും അത്രയും സംവിധാനങ്ങളൊന്നും ഇല്ല.''  എന്നാൽ  ഇന്ന് നല്ല രീതിയിലേക്ക് എല്ലാം മാറിവരുന്നുണ്ടെന്നും പ്രൊഫസര്‍ പറഞ്ഞു.

''എഞ്ചിനീയറിം​ഗിലുള്ള റിസർച്ചും മെഡിക്കൽ റിസർച്ചും നമ്മൾ വളരെ ശക്തിപ്പെടുത്തണം. ഏത് മേഖലയിലെ റിസർച്ച് ആണെങ്കിലും ആളുകൾക്ക് ഇഷ്ടപ്പെടണമെങ്കിൽ ലൈഫ് എക്സ്പക്റ്റൻസി കൂടുന്നതുമായി ബന്ധപ്പെട്ടതായിരിക്കണം. അല്ലെങ്കിൽ ഇന്ന്  അനുഭവിക്കുന്ന കംഫർട്ട് ലെവൽ ഇംപ്രൂവ് ചെയ്യുന്നതായിരിക്കണം. ഇത് രണ്ടുമല്ലാത്ത ​ഗവേഷണങ്ങളുടെ പ്രാധാന്യം ഒരു പരിധി വരെ മാത്രമാണ്. ഈ രണ്ട് കാര്യങ്ങൾ പരി​ഗണിക്കുമ്പോൾ ഇവ രണ്ടുമുള്ളത് മെഡിക്കൽ റിസർച്ചിലും എഞ്ചിനീയറിം​ഗ് റിസർച്ചിലുമാണ്. നമ്മുടെ എല്ലാ ക്യാംപസുകളും ഇത് നടക്കണം. ​ഗവേഷണങ്ങൾ കൂടുതൽ നടന്നാൽ മാത്രമേ നമ്മുടെ ​ഗവേഷണം അന്താരാഷ്ട്ര ലെവലിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയുള്ളൂ. ​​ഗവേഷണ രം​ഗത്ത് ധാരാളം സാധ്യതകൾ നമുക്കുണ്ട്. ഇൻഡസ്ട്രിയും ​ഗവേഷണവും തമ്മിൽ ബന്ധപ്പെടുത്തിയാൽ സാമ്പത്തിക പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാം. ഒന്നോ രണ്ടോ കുട്ടികളുടെ മികച്ച കണ്ടുപിടിത്തങ്ങൾ വന്നാൽ മതി എല്ലാം മാറും.'' അപൂര്‍വ്വമായി ലഭിക്കുന്ന ഈ അംഗീകാരത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

click me!