
തിരുവനന്തപുരം: പരീക്ഷാ ഹാളിൽ ഉദ്യോഗാർത്ഥികൾക്ക് സമയമറിയാനും കുടിവെള്ളം ഉറപ്പു വരുത്താനും പിഎസ്‍സിക്ക് ഉത്തരവാദിത്വമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. പരീക്ഷാ ഹാളിൽ വാച്ചും കുടിവെള്ളവും വിലക്കിയ സാഹചര്യത്തിലാണ് ഈ ഇടപെടൽ. സ്കൂളുകളിൽ ക്ലോക്ക് സ്ഥാപിക്കാനുള്ള അധികാരമില്ലെന്നും അപ്രകാരം ചെയ്താൽ വലിയ ചെലവ് വരുമെന്നുമാണ് പിഎസ്‍സിയുടെ നിലപാട്. പരീക്ഷ ആരംഭിച്ച ശേഷം ഓരോ അരമണിക്കൂറിലും അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പും ബെൽ മുഴക്കാൻ ചീഫ് സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓരോ ഉദ്യോഗാർത്ഥിക്കും അഞ്ചുരൂപ നിരക്കിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് പിഎസ്‍സി നൽകുന്നുണ്ട്. കുടിവെള്ളം, വൈദ്യുതി, ശൗചാലയങ്ങൾ എന്നിവ ഉറപ്പാക്കാൻ വേണ്ടിയാണിത്. പരീക്ഷ എഴുതാത്ത കുട്ടികൾക്ക് അനുവദിച്ചിരിക്കുന്ന തുക പിഎസ്‍സി കുറയ്ക്കാറില്ല. കുടിവെള്ളം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കാൻ ചീഫ് സൂപ്രണ്ടുമാർക്ക് ഒരിക്കൽ കൂടി നിർദ്ദേശം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വാച്ചുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ പരീക്ഷാ ഹാളിൽ ഇവ അനുവദിക്കണമെന്ന് പറയാൻ സാധിക്കില്ലെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. പരീക്ഷാ സമയ ക്രമീകരണത്തിന് ബെൽ സംവിധാനം പര്യാപ്തമല്ല. ഹാളിൽ ക്ലോക്ക് സ്ഥാപിക്കുന്നതാണ് ഉചിതം. ഇതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പരീക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഉദ്യോഗാർത്ഥികളെ സഹായിക്കണം. സമയ അറിയിപ്പ് നൽകാൻ അസിസ്റ്റന്റ് സൂപ്രണ്ടുമാർക്ക് പിഎസ്‍സി നിർദ്ദേശം നൽകണം. ശ്രീകാര്യം അലത്തറ സ്വദേശി എ. ആർ റിനു നൽകിയ പരാതിയിൻമേലാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.