ലക്ഷ്മിക്ക് മാത്രമായി ക്ലാസുകള്‍ ഉടന്‍ തുടങ്ങും: ഒറ്റ വിദ്യാർഥിനിക്കായി ഒരു കോഴ്‌സ് എംജി യൂണിവേഴ്സിറ്റിയില്‍

By Web TeamFirst Published Sep 4, 2021, 10:29 AM IST
Highlights

എം.ജി സർവകലാശാല ഉടൻ തുടങ്ങുന്ന ഒരു വർഷ എൽഎൽഎം കോഴ്‌സിൽ ഒരൊറ്റ വിദ്യാർഥിനിയേ ഉള്ളൂ, കോട്ടയം സ്വദേശിനി ലക്ഷ്മി ജയകുമാർ. സർവകലാശാലയുമായി നീണ്ട നിയമയുദ്ധം ജയിച്ചാണ് ലക്ഷ്മി കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഇടം പിടിക്കുന്നത്. 

കോട്ടയം: ഒറ്റ വിദ്യാർഥിനിക്ക് വേണ്ടി ഒരു കോഴ്സ് നടത്തി എംജി സർവകലാശാല. നിയമയുദ്ധം ജയിച്ചെത്തിയ ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിക്ക് വേണ്ടിയാണ് ഒരു വർഷ എൽഎൽഎം കോഴ്സ് നടത്താൻ സർവകലാശാല നിർബന്ധിതമായത്. എംജി സ്കൂൾ ഓഫ് ലീഗൽ തോട്സിൽ ആണ് ഈ അസാധാരണ കോഴ്സ്. 

എം.ജി സർവകലാശാല ഉടൻ തുടങ്ങുന്ന ഒരു വർഷ എൽഎൽഎം കോഴ്‌സിൽ ഒരൊറ്റ വിദ്യാർഥിനിയേ ഉള്ളൂ, കോട്ടയം സ്വദേശിനി ലക്ഷ്മി ജയകുമാർ. സർവകലാശാലയുമായി നീണ്ട നിയമയുദ്ധം ജയിച്ചാണ് ലക്ഷ്മി കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഇടം പിടിക്കുന്നത്. ഭിന്നശേഷിക്കാരിയായ ലക്ഷ്മി 2019 ലാണ് എംജി യൂണിവേഴ്സിറ്റിയുടെ തന്നെ കോളജിൽ എൽഎൽബി പൂർത്തിയാക്കിയത്. എൽഎൽബിയുടെ ആദ്യ സെമസ്റ്ററുകളിൽ എല്ലാം ഗ്രേസ് മാർക്ക് കിട്ടിയ ലക്ഷ്മിക്ക് അവസാന സെമസ്റ്ററുകളിൽ യൂണിവേഴ്‌സിറ്റി സാങ്കേതികത്വം പറഞ്ഞു ഗ്രേസ് മാർക്ക് നൽകിയില്ല. ലക്ഷ്മിയുടെ ഭിന്നശേഷി ഗ്രേസ് മാർക്ക് പരിധിയിൽ വരില്ലെന്നായിരുന്നു മെഡിക്കൽ ബോർഡ് നിലപാട്. എംജി സ്കൂൾ ഓഫ് ലീഗൽ തോട്സിന്‍റെ എൽഎൽഎം കോഴ്‌സിന് ചേരാൻ തീരുമാനിച്ച ലക്ഷ്മിക്ക് എൻട്രൻസ് പാസായെങ്കിലും ഗ്രേസ് മാർക് കുറവുകാരണം അഡ്മിഷൻ കിട്ടിയില്ല. 

ഇതോടെ വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചു. മെഡിക്കൽ ബോർഡ് നിലപാട് തള്ളിയ കോടതി ഉടൻ എൽഎൽഎം അഡ്മിഷൻ നൽകണമെന്ന് ഉത്തരവിട്ടു. എന്നാൽ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണമന്ന നിലപാടിൽ വീണ്ടും സർവകലാശാല ഉറച്ചുനിന്നു. ഇതോടെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി നീക്കം തുടങ്ങി. കോടതിയുടെ ശകാരം ഏറ്റുവാങ്ങിയ രജിസ്ട്രാർ അഡ്മിഷൻ നൽകാമെന്ന് അറിയിച്ചു. 

പക്ഷേ അപ്പോഴേക്കും ഒരു വ‍ർഷത്തെ എൽഎൽഎം കോഴ്സ് യൂണിവേഴ്‌സിറ്റി അവസാനിപ്പിച്ചിരുന്നു. ബാർ കൗൺസിൽ അംഗീകാരമുള്ള പുതിയ എൽഎൽഎം കോഴ്സിന്‍റെ കാലാവധി രണ്ട് വർഷമാക്കിയിരുന്നു. ഈ പുതിയ കോഴ്സിൽ ലക്ഷ്മിക്ക് അഡ്മിഷൻ നൽകാമെന്ന് സർവകലാശാല അറിയിച്ചിട്ടും കോടതി വഴങ്ങിയില്ല. ഇതോടെയാണ് ലക്ഷ്മിക്ക് മാത്രമായി ഒരു വർഷ എൽഎൽഎം കോഴ്സ് വീണ്ടും തുടങ്ങേണ്ട അവസ്ഥയിൽ യൂണിവേഴ്‌സിറ്റി എത്തിയത്.

ഇതിനായി ഗസ്റ്റ് ലക്ചർമാരെ നിയമിച്ചു കഴിഞ്ഞു. ലക്ഷ്മിക്ക് മാത്രമായുള്ള ക്ലാസുകൾ ഉടൻ തുടങ്ങും. സർവകലാശാലയുടെ പക്ഷത്ത് വീഴ്ചയില്ലെന്നും തടസമായത് നിയമങ്ങളാണെന്നും വിസി വിശദീകരിക്കുന്നു. സർവകലാശാലാ നിയമങ്ങൾ പൊളിച്ചെഴുതേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഭിന്നശേഷിയെ അതിജീവിച്ചു പഠിച്ച സമർഥയായ വിദ്യാർത്ഥിനിക്ക് ഒരു വർഷത്തെ അധ്യയന നഷ്ടം. സർവകലാശാലയ്ക്ക് ധനനഷ്ടവും മാനനഷ്ടവും. ആരുടെ ഭാഗത്താണ് തെറ്റ്? നിയമങ്ങളാണോ ഉദ്യോഗസ്ഥരാണോ തിരുത്തേണ്ടത്? ഈ ചോദ്യങ്ങളാണ് ബാക്കിയാകുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!