ബിഎഡ് ഏകജാലക പ്രവേശനം: എംജിയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു; വിശദവിവരങ്ങൾ വെബ്സൈറ്റിൽ

By Web TeamFirst Published Aug 23, 2021, 1:51 PM IST
Highlights

ലക്ഷദ്വീപ് നിവാസികളായ അപേക്ഷകരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആർക്കും മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ടീച്ചേഴ്‌സ് ട്രെയിനിങ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബി.എഡ്. പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആർക്കും മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

ഭിന്നശേഷി/ സ്‌പോർട്‌സ് ക്വാട്ട വിഭാഗങ്ങളിലേക്കും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന അതത് കോളേജുകളിൽ ഓൺലൈനായി നടത്തുന്നതുമാണ്. കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രവേശനം പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാവും നടത്തുക. ആയതിനാൽ അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കുന്നവർ സാമൂഹ്യ അകലം പാലിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാൻ ശ്രദ്ധിക്കണം.

പ്രോസ്‌പെക്ടസ് പ്രകാരം സംവരണാനുകൂല്യത്തിന് ആവശ്യമായ സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് അപേക്ഷകർ ഉറപ്പുവരുത്തണം. ശരിയായ സാക്ഷ്യപത്രങ്ങളുടെ അഭാവത്തിൽ പ്രവേശനം റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്. പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ സംവരണാനുകൂല്യം തെളിയിക്കുന്നതിനായി ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി./ ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്നവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന്റെ ആനുകൂല്യം അവകാശപ്പെടുന്നവർ ‘ഇൻകം ആന്റ് അസറ്റ്‌സ് സർട്ടിഫിക്കറ്റ്’ അപ്‌ലോഡ് ചെയ്യണം. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം തെരഞ്ഞെടുക്കുകയോ വരുമാനം എട്ടുലക്ഷത്തിൽ കൂടുതലായി നൽകിയതിനുശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാം.

എൻ.സി.സി./ എൻ.എസ്.എസ്. എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദതലത്തിലെ സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. വിമുക്തഭടൻ/ ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും ലഭിക്കുന്ന സാക്ഷ്യപത്രം ലഭ്യമാക്കണം. ഇതിനായി ആർമി/ നേവി/ എയർഫോഴ്‌സ് എന്നീ വിഭാഗങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
രജിസ്‌ട്രേഷൻ ഫീസ് എസ്.സി./ എസ്.ടി. വിഭാഗത്തിന് 625 രൂപയും മറ്റുള്ളവർക്ക് 1250 രൂപയുമാണ്. ഓൺലൈൻ രജിസ്‌ട്രേഷനും ക്യാപ് സംബന്ധമായ വിവരങ്ങൾക്കും cap.mgu.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!