കൊവിഡ് 19: എസ്എസ്സി പരീക്ഷാ തീയതികള്‍ പുനക്രമീകരിക്കും

By Web TeamFirst Published Apr 16, 2020, 3:22 PM IST
Highlights
കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പ്രത്യേക യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ദില്ലി: രാജ്യത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിഗണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് (എസ്എസ്സി) നിശ്ചയിച്ചിരുന്ന പരീക്ഷകളുടെ തീയതികള്‍  പുന:ക്രമീകരിക്കും. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പ്രത്യേക യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തത് കണക്കിലെടുത്താണ് തീരുമാനം.  കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി (10+2) തല പരീക്ഷ (ടയര്‍-1) 2019, ജൂനിയര്‍ എന്‍ജിനീയര്‍ (പേപ്പര്‍ 1) പരീക്ഷ 2019, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി പരീക്ഷ, 2019, 2018ലെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി തല പരീക്ഷയുടെ സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ പുതുക്കിയ തീയതികളെ സംബന്ധിച്ച തീരുമാനം 2020 മെയ് 3ന് ശേഷം കൈക്കൊള്ളും.

പുതുക്കിയ പരീക്ഷാ തീയതികള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെയും, റീജണല്‍/സബ് റീജണല്‍ ഓഫീസുകളുടെയും വെബ്സൈറ്റുകളില്‍ വിജ്ഞാപനം ചെയ്യും. മറ്റ് പരീക്ഷകളുടെ പട്ടിക സംബന്ധിച്ച കമ്മീഷന്റെ വാര്‍ഷിക കലണ്ടറും പുനപരിശോധിക്കും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എസ്എസ്സി ഉദ്യോഗസ്ഥരും ജീവനക്കാരും തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചു.
 
click me!