പ്ലസ് വൺ പ്രവേശനത്തിന് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് ലഭിച്ചില്ലേ? പുതിയ നിര്‍ദ്ദേശവുമായി മന്ത്രി ശിവൻകുട്ടി

By Web TeamFirst Published Aug 7, 2022, 11:22 AM IST
Highlights

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. മഴക്കെടുതി മൂലം വില്ലേജ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളതിനാലും അപേക്ഷകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ നിർദേശമെന്ന് മന്ത്രി അറിയിച്ചു

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് ഹാജരാക്കിയാൽ മതിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. മഴക്കെടുതി മൂലം വില്ലേജ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളതിനാലും അപേക്ഷകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ നിർദേശമെന്ന് മന്ത്രി അറിയിച്ചു. സിബിഎസ്ഇ സ്ട്രീമിൽ ഉള്ളവർ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നൽകിയാൽ മതിയാകും. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്. പിന്നീട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്ലസ് വൺ ഒന്നാം ഘട്ട അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 നാകും പ്രസിദ്ധീകരിക്കുക. 16, 17 തീയതികളില്‍ തുടർന്ന് പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് ആരംഭിക്കുന്ന നിലയിലാണ് കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്നെ വ്യക്തമാക്കിയിരുന്നു.

പ്ലസ് വൺ അലോട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു; വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ അറിയേണ്ടത്

അതേ സമയം, സ്കൂള്‍ കുട്ടികളെ ക്ലാസ്സ് സമയത്ത് മറ്റു പരിപാടികള്‍ക്ക് കൊണ്ടുപോകുന്നതിനിരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. സ്കൂളുകളില്‍ കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റ് പരിപാടികളും പൊതു ചടങ്ങുകളും നിരന്തരം സംഘടിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിന് അനുമതി നല്‍കുന്നതല്ലെന്നുമുള്ള നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രി. 

വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ലോവര്‍ പ്രൈമറി സ്കൂളുകളില്‍ 200 ദിവസവും അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ 220 ദിവസവും അധ്യയനം നടക്കേണ്ടതാണ്. ഹൈസ്കൂളുകളിലും 220 ദിവസം അധ്യയനം നടക്കേണ്ടതുണ്ട്. എന്നാല്‍ സ്കൂളുകളില്‍ കുട്ടികളുടെ സാധാരണ അധ്യയന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റ് പരിപാടികൾ നിരന്തരമായി സംഘടിപ്പിക്കപ്പെടുന്നു. കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ട്.  കൂടാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്‍ജിഒകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന പല ചടങ്ങുകളും കുട്ടികളുടെ അധ്യയന സമയത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളും നിലവിലുണ്ട്. സ്കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മേലില്‍ മറ്റൊരു പരിപാടികള്‍ക്കും കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന വിധത്തില്‍ അനുമതി നല്‍കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. 

പ്ലസ് വൺ ക്ലാസ്സുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങും; സംസ്ഥാന കലോത്സവം ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട്ട്

 

click me!