എസ്എസ്എൽസി മൂല്യനിർണ്ണയം: അധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന കർശനനിർദേശവുമായി പരീക്ഷാഭവൻ

By Web TeamFirst Published Apr 26, 2021, 8:44 AM IST
Highlights

മൂല്യനിർണയത്തിനുള്ള അപേക്ഷ ക്ഷണിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഭൂരിഭാഗം പേരും അപേക്ഷ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പരീക്ഷാഭവൻ സെക്രട്ടറിയുടെ നിർദേശം. 

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയത്തിന് യോഗ്യരായ അധ്യാപകരെ മുഴവൻ പങ്കെടുപ്പിക്കാൻ കർശന നിർദേശവുമായി പരീക്ഷാഭവൻ. മൂല്യനിർണയത്തിനുള്ള അപേക്ഷ ക്ഷണിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഭൂരിഭാഗം പേരും അപേക്ഷ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പരീക്ഷാഭവൻ സെക്രട്ടറിയുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ട് അതത് എ.ഇ.മാർക്ക് നിർദേശം അയച്ചിടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, ചുമതലയുള്ള പ്രധാന അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടായാൽ നടപടി എടുക്കാനും നിർദേശമുണ്ട്. ഉത്തരക്കടലാസ് മൂല്യനിർണയത്തിന് യോഗ്യതയുള്ള സർക്കാർ, എയ്ഡഡ് വിഭാഗങ്ങളിലെ ഹൈസ്കൂൾ അല്ലെങ്കിൽ പത്താംതരം അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചത്. ചീഫ് എക്സാമിനർ, അസി.എക്സാമിനർ എന്നീ തസ്തികകളിൽ അതത് ജില്ലകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ നൽകിയിട്ടുള്ള അധ്യാപകരുടെഎണ്ണം വളരെ പരിമിതമാണ്. ഈ സാഹചര്യത്തിൽ എല്ലാ പ്രധാന അധ്യാപകരോടും തങ്ങളുടെ
വിദ്യാലയത്തിലെ യോഗ്യരായ മുഴുവൻ അദ്ധ്യാപകരും മൂല്യനിർണ്ണയത്തിന് അപേക്ഷിക്കുവാനും iExaMS-ൽ പ്രധാനഅധ്യാപകൻ Confirmation നൽകുന്നതിന് മുമ്പായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുവാനും നിർദ്ദേശിക്കുന്നുണ്ട്.

പ്രധാന അധ്യാപകരുടെ ഭാഗത്ത് നിന്നും ഈ വിഷയത്തിൽ വീഴ്ച ഉണ്ടായാൽ കർശന വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. അഡീഷണൽ ചീഫ് എക്സാമിനർമാരായും, അസിസ്റ്റന്റ് എക്സാമിനർമാരായും അപേക്ഷിക്കുന്നതിനുള്ള തിയതി ഏപ്രിൽ 26വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

click me!