
മികച്ച അധ്യാപകരെന്ന് അറിയപ്പെടുന്നവരിൽ മിക്കവരും വിദ്യാർത്ഥികളുടെ പ്രിയപ്പെട്ടവരായിരിക്കും. അത്തരത്തിൽ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട ഒരു അധ്യാപിക യാത്ര പറഞ്ഞു പോകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രിയപ്പെട്ട അധ്യാപിക ആയിരുന്നു ഇവരെന്ന് വീഡിയോ കാണുന്നവർക്കെല്ലാം മനസ്സിലാകും. പശ്ചിമബംഗാളിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥികളാണ് തങ്ങളുടെ അധ്യാപികക്ക് ഹൃദയസ്പർശിയായ യാത്രയയപ്പ് നൽകുന്നത്. ഈ വീഡിയോ കാണുന്ന ഓരോരുത്തരും തങ്ങളുടെ സ്കൂൾ കാലഘട്ടത്തിലേക്ക് തിരിച്ചു പോയേക്കാം.
വീഡിയോയിൽ വിദ്യാർത്ഥികളെല്ലാം കാത്തിരിക്കുന്ന സ്ഥലത്തേക്ക് രണ്ട് പെൺകുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയെ കൂട്ടിക്കൊണ്ടു വരുന്നു. അധ്യാപികക്ക് ഒരു സർപ്രൈസ് നൽകാനാണ് ഈ കുട്ടികളുടെ ശ്രമം. തുജ് മേ റബ് ദിഖ്താ ഹേ (നിന്നിൽ ഞാൻ ദൈവത്തെ കാണുന്നു) എന്ന് പാടി അധ്യാപികക്ക് പൂക്കൾ സമ്മാനമായി നൽകാൻ വിദ്യാർത്ഥികൾ മുട്ടുകുത്തി നിൽക്കുന്നു. ഓരോ കുട്ടിയും കരയുന്നതും കാണാം. വീഡിയോ അവസാനിക്കുന്നിടത്ത് ഓരോ വിദ്യാർത്ഥിയെയും ആലിംഗനം ചെയ്യുന്ന അധ്യാപികയെ കാണാം.
ഒരു മിനിറ്റും 18 സെക്കന്റും ദൈർഘ്യമുള്ള വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്ക് നൽകിയിരിക്കുന്നത്. 'ഇത് തീര്‍ത്തും വൈകാരികമായ ഒന്നാണ്. മികച്ച അധ്യാപകരിൽ ഒരാളായ സാംപ മാമിന് വിദ്യാർത്ഥികൾ അവരുടെ സ്നേഹം പകർന്നു നൽകുകയാണ്' എന്നാണ് ഈ വീഡിയോയുടെ തലക്കെട്ട്. 17000ത്തിലധികം ആളുകളാണ് വീഡിയോ കണ്ടിട്ടുള്ളത്. നിറയെ സ്നേഹം നിറഞ്ഞ കമന്റുകളുമുണ്ട്. 'അധ്യാപകർ വിദ്യാർത്ഥികളുടെ ജീവിതത്തിന്റെ വഴികാട്ടിയാണ്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന് വിദ്യാർത്ഥികൾ പകർന്നു നൽകുന്ന അതിശയകരമായ സ്നേഹമാണിത്., ഇക്കാലത്ത് ഇങ്ങനെയൊരു കാര്യം അപൂർവ്വമാണ്. ഈ വീഡിയോ എന്നെ വികാരാധീനനാക്കി.' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ,