ഇന്ത്യയിലെ ഈ ​ഗ്രാമത്തിലെ കുട്ടികൾ സംസാരിക്കുന്നത് ജാപ്പനീസ് ഭാഷയാണ്...!

By Web TeamFirst Published Aug 15, 2020, 11:31 AM IST
Highlights

ഇന്റര്‍നെറ്റ് വഴിയും വീഡിയോകള്‍ ശേഖരിച്ചും തർജ്ജമയിലൂടെയുമൊക്കയാണ് അധികൃതര്‍ കുട്ടികളെ ജപ്പാന്‍ ഭാഷ പഠിപ്പിക്കാന്‍ ആരംഭിച്ചത്. 


ഔറം​ഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദിനടത്തുള്ള ഗഡിവത്ത് എന്ന ​ഗ്രാമത്തിനും അവിടുത്തെ കുട്ടികൾക്കും ഒരു പ്രത്യേകതയുണ്ട്. ഇവിടുത്തെ നല്ല ഒഴുക്കോടെ ജാപ്പനീസ് ഭാഷ സംസാരിക്കും. കേൾക്കുമ്പോൾ അത്ഭുതം തോന്നാം. പക്ഷേ സത്യമാണ്. ഔറംഗബാദ് നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് ​ഗഡീവത്ത് ഗ്രാമം. ജില്ലാ പരിഷത്തിന്റെ മേല്‍നോട്ടത്തിലുള്ള ഇവിടുത്തെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ജപ്പാന്‍ ഭാഷ പഠിച്ച് സംസാരിക്കുന്നത്. 

നല്ല ​ഗതാ​ഗത സംവിധാനമോ അടിസ്ഥാന സൗകര്യങ്ങളോ ഈ ​ഗ്രാമത്തിൽ ഇപ്പോഴും എത്തിയിട്ടില്ല. ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ ജപ്പാനീസ് ഭാഷ പഠിപ്പിക്കുന്നത്. കുട്ടികൾക്ക് വിദേശ ഭാഷ പഠിക്കാൻ അവസരമൊരുക്കുക എന്ന് അധ്യാപകർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാലാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളോട് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാന്‍ പറഞ്ഞു.  മിക്ക കുട്ടികളും തിരഞ്ഞെടുത്തത് ജപ്പാനീസ് ഭാഷയാണെന്ന് സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ദാദസാഹേബ് നവ്പുതെ പറയുന്നു. 

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും യന്ത്രങ്ങളെക്കുറിച്ചും അറിയാനുള്ള ആ​ഗ്രഹമാണ് ജപ്പാനീസ് ഭാഷ തിരഞ്ഞെടുക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ചതെന്നും നവ്പുതെ കൂട്ടിച്ചേർത്തു. എന്നാൽ എങ്ങനെയാണ് കുട്ടികളെ ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്നത് എന്ന കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. ഈ ഭാഷ കൈകാര്യം ചെയ്യുന്നവരോ അതിനുള്ള പഠന സാമ​ഗ്രികളോ ഈ സ്കൂളിൽ ഉണ്ടായിരുന്നില്ല. ഇന്റര്‍നെറ്റ് വഴിയും വീഡിയോകള്‍ ശേഖരിച്ചും തർജ്ജമയിലൂടെയുമൊക്കയാണ് അധികൃതര്‍ കുട്ടികളെ ജപ്പാന്‍ ഭാഷ പഠിപ്പിക്കാന്‍ ആരംഭിച്ചത്. 

വൈകീട്ട് സ്‌കൂള്‍ സമയം കഴിഞ്ഞ ശേഷം ഒരു മണിക്കൂര്‍ വീതം ജപ്പാനീസ് ഭാഷാ പഠനത്തിനായി മാറ്റിവച്ചു. ജൂലൈ മാസത്തില്‍ മാത്രം 20-22 ക്ലാസുകള്‍ വരെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ വഴി നടത്തിയെന്ന് അധികൃതര്‍ പറയുന്നു. വളരെ ഉത്സാഹത്തോടെ കുട്ടികൾ ഭാഷ പഠിച്ചെടുത്തെന്നും ഓണ്‍ലൈന്‍ ക്ലാസിലൂടെ ഇപ്പോള്‍ കുട്ടികള്‍ പരസ്പരം ജപ്പാന്‍ ഭാഷ ഒഴുക്കോടെ  സംസാരിക്കുന്നതായും അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. ആദ്യം അക്ഷരങ്ങളും പിന്നീട് വാക്കുകളും ശേഷം ഇവയെല്ലാം ഉപയോ​ഗിച്ച് വാക്യങ്ങളും ഉണ്ടാക്കാൻ പഠിച്ചെന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി കോള്‍ഗെ പറഞ്ഞു. വൈഷ്ണവിയുടെ മാതാപിതാക്കള്‍ കര്‍ഷകരാണ്. 

സ്കൂളിൽ ആകെയുള്ള 350ല്‍ അധികം വിദ്യാര്‍ത്ഥികളിൽ 70 കുട്ടികളാണ് നിലവില്‍ ജപ്പാന്‍ ഭാഷ പഠിക്കുന്നത്. വിദേശ ഭാഷയുടെ പരിചയത്തിലൂടെ കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പരിഷത്ത് വിദ്യാഭ്യാസ ഓഫീസര്‍ രമേഷ് താക്കൂര്‍ വ്യക്തമാക്കി.
 

click me!